April 16, 2010

ഉപ്പുകാറ്റ്


ചതുരാകൃതിയിലായ ഈർക്കിൽ വിടവിലൂടെ അരിച്ചിറങ്ങിയ വെളിച്ചത്തിന്റെ നിഴലുകൾ വേഷം മാറിയ പോലീസുകാരെപ്പോലെ അവിടവിടെ പറ്റിനിന്നു. പച്ച ചുവരുകളുടെ മൂലകളെ ബന്ധിപ്പിച്ച് കൊണ്ട് ചിലന്തികെട്ടി ഉപേക്ഷിച്ച കുരുക്കുകൾ ചെറുകാറ്റിലനങ്ങി. ഇളകിപ്പോയ ചാണകക്കട്ടകൾക്കിടയിലൂടെ ചുവന്ന മണ്ണ് പുറത്തേയ്ക്ക് തള്ളിയ തറ വെള്ളടി ബാധിച്ച കറുത്തവരുടെ ചിത്രം പോലെ പടർന്നുകിടന്നു.

തൊള്ളായിരത്തി നാല്പതുകളിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ചരിത്രം പശ്ചാത്തലമാക്കി എഴുതുന്ന നോവലിന്റെ ആരംഭം ഇങ്ങനെ മതിയെന്ന് ഒരുപാടാലോചനയ്ക്കു ശേഷം ദർശൻ തീരുമാനിച്ചു.

ഇരുട്ടിന്റെ മറപറ്റി വരുന്ന സഖാക്കളുടെ ഒച്ചയില്ലാത്ത കാൽപ്പെരുമാറ്റം.ഉപ്പൂറ്റിയിൽ മുള്ളും കുപ്പിച്ചില്ലും തറഞ്ഞുണങ്ങിയ ചോരക്കറ.വിമോചനത്തിന്റെ നക്ഷത്രങ്ങളെ കാവൽനിർത്തി അവർ നയിച്ച സമരങ്ങൾ. ദർശൻ പലപ്പോഴായി ഡയറിയിൽ കുറിച്ചിട്ടിരുന്ന നോട്ട്സുകൾ, മുതിർന്ന പാർട്ടി പ്രവർത്തകരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പത്രവാർത്തകൾ അഭിമുഖങ്ങൾ. ഒരർത്ഥത്തിൽ ഇതൊരു ഗവേഷണമാണ്.ആനന്ദിന്റെ എഴുത്തുപോലെ ഒരു പ്രബന്ധത്തിന്റെ ഗൌരവമുണ്ടിതിനുമെന്ന് ശീതളിനോട് അയാൾ പറഞ്ഞു. രണ്ടു മാസത്തെ അവധിയെടുക്കാൻ തീരുമാനിച്ചപ്പോൾ ശീതൾ എതിർത്തു. അവധിയെടുത്തിരുന്നെഴുതാൻ കഴിയില്ലെന്ന് ഏതോ സാഹിത്യകാരൻ പറഞ്ഞിട്ടുണ്ടത്രെ. ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ എഴുത്തു രീതികളെ വിശകലനം ചെയ്യാനൊരുങ്ങുമ്പോഴേയ്ക്കും അസ് യു ലൈക്കെന്ന് എല്ലാതവണയും പോലെ അനുകൂലമായൊരു വിധി പ്രസ്താവിച്ച് ശീതൾ രക്ഷപ്പെട്ടു. ഒറ്റയ്ക്ക് ഒരു അഡ്വർടൈസ്മെന്റ് ഏജൻസി നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്ന് ശീതൾ തെളിയിച്ചിട്ടുണ്ട്.സീറോ വാട്ട്ബൾബ്ബിൽ നിന്നൊഴുകിയിറങ്ങുന്ന നിലാവെളിച്ചത്തിൽ ശീതളിന്റെ ചെവിമടക്കിൽ ദർശൻ അമർത്തിക്കടിച്ചു.ഗ്രാമത്തിന്റെ ചങ്കുതുരന്ന് ചോദിക്കണം. ഇനിയും മണ്ണിട്ട് മൂടാത്ത വയൽവരമ്പിലും പുഴയോരത്തുമിരുന്നെഴുതണം. അവിശ്വസനീയമാം വിധം ശീതൾ ദർശനെ കേൾക്കുകയായിരുന്നു.

വയറിനു കുറുകെ ശീതളിന്റെ കൈമുറുകിയതറിയാതെ ദർശനലഞ്ഞു. കമ്മ്യൂണിസ്റ്റ്കാരെ ഒറ്റുകൊടുത്ത പാരമ്പര്യത്തെപ്പറ്റി, പോലീസുകാരെപ്പോലെ മീശചുരുട്ടി നരിക്കണ്ണുകളിൽ പകയൊളിപ്പിച്ച് ഇപ്പൊഴും അമ്മവീടിന്റെ ഉമ്മറത്തിരിക്കുന്ന അപ്പൂപ്പന്റെ ചിത്രത്തെപ്പറ്റി. എന്തൊരു ക്രൌര്യമെന്ന് ആ കണ്ണുകളിലൂടെ വിരലോടിക്കവെ ശീതൾ പറഞ്ഞത് ദർശനോർമ്മവന്നു. എഴുതുമ്പോൾ അപ്പൂപ്പനെപ്പറ്റിയും എഴുതണം. സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകനായ ഗോപാലൻ നായർ. വയലുഴുതുമറിച്ച പോത്തുകൾക്ക് പിന്നാലെ രണ്ട് കാലിൽ നടക്കുന്ന പോത്തുകളെപ്പോലെ പണിക്കാർ. അപ്പൂപ്പന്റെ മുന്നിൽ നെഞ്ചിൽ ഗുണനചിഹ്നം പോലെ പിണച്ച കൈകളുമായി നിന്നിരുന്നു. കറുത്ത ഉടലുകളിലൂടെ ഊറിയിറങ്ങുന്ന ചെളിവെള്ളം വറ്റിച്ച ക്രൌര്യനോട്ടത്തിൽ ഉരുകിയ ചെറുമികൾ. അപ്പൂപ്പന്റെ മരണശേഷം കേട്ട കഥകൾ. കമ്മ്യൂണിസ്റ്റായ പവിത്രനെ വല്ലാതെ ഉലച്ചിരുന്നു.

നെൽസണും പെണ്ണ് എൽസിയും രഹസ്യ യോഗത്തിന് പോയിട്ട് വരുന്നത് നിലാവെളിച്ചത്തോടൊപ്പം മാടന്റെ പനയ്ക്കുപിന്നിൽ മറഞ്ഞിരുന്ന് ആരോ കണ്ടു. കമ്മ്യൂണിസ്റ്റുകാരുടെ യോഗമെന്ന് കണ്ടുപിടിച്ചത് കാര്യസ്ഥൻ നാണുവാണ്. അപ്പൂ‍പ്പനൊന്നമർത്തി മൂളി. പിറ്റേന്ന് വേട്ടനായ്ക്കളെപ്പോലെ പോലീസുകാർ കൂര വളഞ്ഞു. പൊലയാടിമോളേന്ന് അലറിയ പോലീസുകാരന്റെ ശബ്ദത്തിനൊപ്പം എൽസി മുറ്റത്തേയ്ക്ക് തെറിച്ചുവീണു. ചുണ്ട് പൊട്ടിയ ചോര തുടയ്ക്കാനാഞ്ഞ അവളുടെ കൈ മറ്റൊരു പോലീസുകാരൻ വളച്ചൊടിച്ചു. നിലവിളിക്കാനാഞ്ഞ മുഖം മണ്ണിൽ താഴ്ത്തി ബൂട്ട്സ് ഞെരിഞ്ഞമർന്നു. തൊണ്ടയിൽ നുരച്ചുവന്ന കരച്ചിലടക്കി ആണുങ്ങളും പെണ്ണുങ്ങളും ദൂരെ ദൂരെ മാറി നിന്നു.കുഞ്ഞുങ്ങളുടെ കണ്ണുകൾ അമ്മമാർ പൊത്തിപ്പിടിച്ചിരുന്നു.കഴ്വർടമോളേ നിന്റെ മറ്റെവനെവിടേടിയെന്ന് ചോദിച്ച് പോലീസുകാർ എൽസിയെ ചവിട്ടിയുരുട്ടി. ബോധം മറയുന്നതുവരെ എൽസി മുറുക്കിപ്പിടിച്ചിരുന്ന മുണ്ടഴിഞ്ഞു. അടിപ്പാവടയ്ക്കൊപ്പം അതു വലിച്ചു പറിച്ചെടുത്തൊരു പോലീസുകാരൻ. എത്ര അമർത്തിപ്പിടിച്ചിട്ടും എവിടെനിന്നൊക്കയോ നിലവിളികളുയർന്നു. വെറ്റില മുറുക്കലിന്റെ സുഖമാസ്വദിച്ച് അപ്പൂപ്പനും കാര്യസ്ഥനും അവിടേയ്ക്ക് വന്നു. അവർക്ക് കേൾക്കാൻ മാത്രം എന്തോ പറഞ്ഞ് ഇൻസ്പെക്ടർ തിരിച്ചു നടന്നു. ചുവന്ന മണ്ണ് അന്തരീക്ഷത്തിലേയ്ക്ക് ഇളക്കിവിട്ട് ജീപ്പ് കടന്നുപോയി. എൽസിയുടെ മുറ്റത്തേയ്ക്ക് അപ്പൂപ്പൻ നീട്ടിത്തുപ്പി. പെടപ്പുണ്ടെന്ന് നാണു വിളിച്ച് പറഞ്ഞു. കൂടപ്പിറപ്പുകൾ എൽസിയെ വാരിയെടുത്തു. എല്ലൊടിഞ്ഞു വീർത്ത വലതുകൈ താഴോട്ട് തൂങ്ങിയാടി.

പതിറ്റാണ്ടുകൾക്ക് ശേഷം ദർശനോട് ഈ സംഭവം വിവരിച്ചത് കോരനായിരുന്നു. അന്ന് പന്ത്രണ്ടോ പതിമൂന്നോ വയസ്സുപ്രായമുണ്ടായിരുന്ന കോരൻ ഇന്ന് കർഷകതൊഴിലാളി യൂണിയൻ പ്രവർത്തകനാണ്. ‘നെന്റെ അപ്പൂപ്പനാണ് ഇതിന്റ പിന്നിലെന്ന് നമക്ക് അറിയാര്ന്ന്. ഞങ്ങളന്ന് കമ്മ്യൂണിസ്റ്റുകാരായിട്ട് ഇല്ലായിരുന്നു. എങ്കിൽ രണ്ട് പോലീസുകാരെങ്കിലും അവിടെ വീണേനെ‘ അരിവാളിന്റെ വായ്ത്തല പോകും വരെ മണ്ണിലും മരത്തിലും ചെറുപ്പക്കാർ ആഞ്ഞുവെട്ടി. കോരന്റെ കണ്ണിൽ കനൽ ഊതിയൂതി തിളങ്ങുന്നു.

കഥകൾ തീരുന്നില്ല.പോലീസിനെ പേടിച്ച് നെൽസൺ നാടുവിട്ടു.കാതിലെ തേനീച്ച മുരൾച്ചയുമായി എൽസി തുണിയുടുക്കാതെ ഇടവഴിയിലൂടെ ഓടി പ്രാന്തി എൽസിയായ് രൂപാന്തരം പ്രാ‍പിച്ചു. ഉണങ്ങാത്ത മുറിവുകളിൽ നിന്ന് ഊറിയിറങ്ങിയ ചോര ഘനീഭവിച്ച ചെങ്കൊടികളെ സ്വപ്നത്തിൽ പുതച്ച് ഗ്രാമം ഉറങ്ങാതിരുന്നു. പേടിയില്ലാതെ ഒരു നാൾ ഉറങ്ങുന്നതിനു വേണ്ടി.

ഒരു ദീർഘനിശ്വാസത്തോടെ ദർശൻ തിരിഞ്ഞു കിടന്നു. ശീതൾ ഉറങ്ങിയിരിക്കുന്നു. ശീതളിനറിയില്ല നരിയുടെ കണ്ണുകളുള്ള ഗോപാലൻ നായരുടെ ബീഭത്സമായ ജീവിതത്തെ. ഗോപാലൻ നായർ സ്മാരക അവാർഡും സാംസ്ക്കാരികനിലയവും ആ ഭൂതകാലത്തെ തേയ്ച്ച്മിനുക്കിയെടുക്കാൻ മക്കൾ കണ്ട വഴിയായിരുന്നു. ഒന്നുമറിയാത്തവർ സ്വാതന്ത്ര്യ സമരഭടൻ എന്നുവരെ കാടുകയറി. ഒരുനാൾ വിവസ്ത്രയായ് പുഴയിലൂടെ ഒഴുകിപോയ എൽസിയുടെ ആത്മാവടക്കം കാക്കകൾ തെങ്ങിൻതലപ്പുകളിലിരുന്ന് കാ‍ർക്കിച്ച് തുപ്പി.

കണ്ണുതുറക്കുമ്പോൾ ജന്നൽ ചില്ലുകളെ മുറിച്ച്കടക്കാൻ പാകത്തിന് വെയിൽ വളർന്നിരുന്നു. ശീതൾ പോയിട്ടുണ്ടാകുമോ.ഇന്നു മുതൽ അവധി തുടങ്ങുകയാണ്. ഫ്ലാറ്റിന്റെ രണ്ട് താക്കോലുകളിലൊന്ന് അവൾ കൂടെ കൊണ്ടുപോയിരിക്കുന്നു. ഈശോയും ഞാനും പിന്നെ ഛായ എന്ന ഞങ്ങളുടെ അഡ്വർടൈസ് ഏജൻസിയുമായിരുന്നു അവളുടെ ലോകം.പത്തരയാകുന്നതിനിടയ്ക്ക് ശീതൾ രണ്ട് വട്ടം വിളിച്ചു. ഭക്ഷണം എടുത്തു കഴിച്ചോ, എവിടേയ്ക്കെങ്കിലും പോകുന്നെങ്കിൽ വിളിച്ചു പറയണം. ഫ്ലാറ്റിന്റെ താക്കോൽ കളയല്ലേ പിന്നൊരുകാര്യം ഇന്നത്തെ പത്രത്തിലൊരു കയ്യാങ്കളിയുടെ വിശേഷമുണ്ട്. പഴയകാല പാർട്ടി സഖാക്കളെപ്പറ്റി പറഞ്ഞതിന് സാഹിത്യകാരൻ സക്കറിയയുടെ നേർക്ക്. വാർത്ത മുഴുമിപ്പിക്കാതെ ശീതൾ ഫോൺ കട്ട് ചെയ്തു. ഒരു വാചകം മനസിൽ കൊണ്ടു. ‘പഴയകാല സഖാക്കൾ’. സഖാക്കൾ പഴയതാകുമോ.. വാചകം ശീതളിന്റെയോ അതോ പത്രത്തിന്റെയൊ. ഉൾപേജിൽ കഥാകൃത്തടക്കമുള്ള സചിത്ര വാർത്ത. വരികൾക്കിടയിലൂടെ താല്പര്യരഹിതനായ് ദർശൻ കണ്ണോടിച്ചു. ചില വാക്കുകൾ വാചകങ്ങൾ എവിടയോ കൊളുത്തി വലിക്കുന്നു. ഒളിവും മറയുമില്ലാതെ എൽസി ഉടുമുണ്ടഴിഞ്ഞ് വെറും മണ്ണിൽ പിടയ്ക്കുന്നു. അവളുടെ ചോരയെക്കാൾ ചുവന്ന വെറ്റതുപ്പൽ പത്രത്തിൽ പടരുന്നു. ദർശനെ വിയർത്തു. നിലവിളി അമർത്തിപ്പിടിക്കുന്നതിന്റെ വേദന അയാളറിഞ്ഞു. ‘ഞങ്ങളന്ന് കമ്മ്യൂണിസ്റ്റുകാരായിട്ട് ഇല്ലായിരുന്നു. എങ്കിൽ രണ്ട് പോലീസുകാരെങ്കിലും അവിടെ വീണേനെ‘ന്ന് കോരൻ ആവർത്തിക്കുന്നു. നിസ്സഹായത ദർശന്റെ ഞരമ്പുകളെ കൊരുത്തു വലിച്ചു. പേനയുടെ നിബ്ബ് കുത്തിയൊടിഞ്ഞിട്ടും അയാൾ പത്രത്തിൽ തലങ്ങും വിലങ്ങും വല്ലാത്തൊരാവേശത്തോടെ വരച്ചുകൊണ്ടിരുന്നു.









March 28, 2010

കാലവർഷം

പെരുവിരൽ
കനംവച്ച
മഴയുടെ
താളം
മുറിച്ച്
പ്യൂൺ ഗോപാലേട്ടൻ
മണിയിൽ
ഇടിവെട്ടിക്കും.
ചോറ്റുപാത്രവും
പുസ്തക
സഞ്ചിയുമെടുത്ത്
കൂട്ടുകാരന്റെ
കുടയിൽ കയറാൻ
മത്സരം.
പകുതി
നനയുമ്പോൾ
ചെളിക്കാലുകളുടെ
വേഗതയ്ക്ക്
വീട്ടുമുറ്റത്ത്
ബ്രേക്ക്.
ഒരു വാഴയിലയും
കുടയാകുമെന്ന്
പറഞ്ഞ്
അമ്മ ശാസിക്കും.
ഒരിഴ തോർത്ത്
ചുക്കുകാപ്പി
മഴ തന്ന
വിസ്മയങ്ങൾ
2
പിന്നൊരു മഴയത്ത്
മിഴിയുടഞ്ഞ്
തുളുമ്പാതെ
മിന്നലുകളാൽ
വെന്ത്
ഒരു വാഴയിലയും
കുടയാകുമെന്നോർക്കാതെ
പഴയ
സാരിക്കുരുക്കിൽ
ജീവിതക്കനലു-
തീർത്തമ്മ പോകവേ
മഴ തന്നതൊക്കെയും
ഉടഞ്ഞയുൾനോവുകൾ
*2008 ലെ സംസ്കൃത സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം-സമ്മാനാർഹമായ കവിത.

November 15, 2009

ഒറ്റവഴിയിലവസാനിക്കുന്ന വീട്

മഴക്കൂടുകൾക്ക്
താഴെ
കുന്നിൻ ചെരുവിൽ
പേരറിയാത്ത
ഒരു കാട്ടുമരത്തിന്റെ
അടിയിലായിരുന്നു
അവളുറങ്ങിയിരുന്നത്
അവളുടെ അപ്പനുമമ്മയും
തകർന്നകൂരയെപ്പോലെ
തന്നെ തകർന്ന നെഞ്ചുമായ്
എവിടേയ്ക്കോ നടന്നുപോയി
അടുത്ത തിരഞ്ഞെടുപ്പിൽ
ആരെങ്കിലും അവരെ അന്വേഷിച്ചു
വരുമായിരിക്കും
ദയാലുവായ സർക്കാ‍ർ
അവർക്കനുവദിച്ച
മണ്ണെണെയും അരിയും
മാസാവസാനം
റേഷൻ കടക്കാരൻ
മറ്റൊരാൾക്ക് മറിച്ചുവിൽക്കുമായിരിക്കും
അതൊക്കെ അങ്ങനെതന്നെ
സംഭവിക്കട്ടെ
ഇടയ്ക്കിടയ്ക്ക്
ഉറക്കം ഞെട്ടിയുണരുമ്പോൾ
കാട്ടുമരത്തിന്റെ വേരുകളിൽ
മുഖമവർത്തിവച്ചവൾ
ആലോചിക്കും
തന്റെ നീലാകാശത്തെപ്പറ്റി
ജമന്തിയേയും കോഴിക്കുഞ്ഞുങ്ങളെയും
കരിവരച്ചുകൊടുത്ത ആട്ടിൻകുട്ടിളേയുപ്പറ്റി
അപ്പനമ്മമാരുടെ നടുവിൽ
നക്ഷത്രം കണ്ടുറങ്ങാത്ത രാത്രികളെപ്പറ്റി
ഒരിക്കലും അവൾ ഓർമ്മിക്കില്ല
തന്റെ നീലാകാശം ചുവപ്പിച്ചവരെയും
അപ്പനമ്മമാരെ കരയിച്ചവരെയുംപ്പറ്റി
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ
അവൾ സൂക്ഷിച്ചിരുന്ന
ഈശോയുടെ മുഖമായിരുന്നവൾക്കും

November 8, 2009

ഞാനാരെന്ന് പറഞ്ഞേപറ്റൂ

ഞാൻ ഹിന്ദുവല്ല
അച്ഛനും അമ്മയുമെന്ന്
വിളിച്ചു ശീലിച്ചുപോയെങ്കിലും.
ഇസ്ലാമല്ല
ഉമ്മയും ബാപ്പയും
ജീവിച്ചിരിക്കുന്നുവെങ്കിലും
ക്രിസ്ത്യാനിയല്ല
അമ്മച്ചീന്നും
അപ്പച്ചാന്നും
നാവു വഴങ്ങിക്കൊടുക്കുമ്പോഴും
ബുദ്ധനോ ജൈനനോ
സിക്ക് മതക്കാരനോ അല്ല
പിന്നെ കമ്മ്യൂണിസ്റ്റുമല്ല
മൂലധനവും
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
പ്രസംഗിച്ചു നടന്നെങ്കിലും.
എങ്കിൽ പിന്നെ
ഞാനാരായിരിക്കുമെന്ന്
ഞാനും
ഇവനാരായിരിക്കുമെന്ന്
നിങ്ങളും
തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു
അലസരെ വിട്ടേയ്ക്കാം
ക്ഷമയുള്ള ആ മാടുകൾ
കവിതയുടെ അവസാനം
ഉത്തരം തെളിയുന്നതും കാത്തിരിപ്പുണ്ടാകും
‘ഞാനൊരു മനുഷ്യനാണെന്ന്’
പറഞ്ഞാൽ കൂകിവിളിക്കും
നിങ്ങൾ ആലസം വിട്ടെണീറ്റവർ-
എന്റെയുള്ളിലെ ഒരായിരം ഞാനുകൾ
കുരുങ്ങിയല്ലോ
പിന്നെന്താണൊരു പോംവഴി
ഒരു തകർപ്പൻ ക്ലൈമാക്സിന്

November 4, 2009

യാത്രാകാലം

വീടുവിട്ടിറങ്ങുമ്പോൾ മഴയായിരുന്നു. നട്ടുവളർത്തിയ മരങ്ങളേയും സ്നേഹിച്ച ചെടികളേയും ഇരുട്ടിലുപേക്ഷിച്ച് ഒറ്റയ്ക്ക്.... യാത്രപറയാതെ പോരുമ്പോൾ നോവാനോ സന്തോഷിക്കാനോ ആരുമില്ല. ഒരു പൂച്ചക്കുട്ടിയെ വളർത്തിയതാണല്ലോ,ഹേയ്.. അല്ല അത് വന്നുകയറി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മടുത്ത ഏതോ ഒരു നിമിഷം അതിറങ്ങിപ്പോയിട്ടുണ്ടാകും.അല്ല, പൂച്ച സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഏതു കവിതയാകും വായിച്ചിട്ടുണ്ടാകുക. വീണ്ടും തെറ്റുന്നു. പൂച്ചതന്നയൊരു സ്വാതന്ത്ര്യമല്ലേ,ഒരു തുടലിലും കുരുങ്ങി ആർക്കു വേണ്ടിയും കുരയ്ക്കാത്ത സ്വാതന്ത്ര്യം.
മഴക്കൊമ്പ്കുലുക്കി ആടിയാടി അലയുന്ന മരങ്ങളേ നിങ്ങൾ അൻവറിന്റെ കവിതയായ് പൂത്തതെന്നാണ് …... മുറിഞ്ഞ വഴികളെപറ്റി പാടാൻ വയ്യ. എന്റെ ചോരപൊടിഞ്ഞു കിടപ്പുണ്ട് അതിന്റെ വക്കുകളിൽ. അതുമതി.. അതുമാത്രം മതി.
റോഡിലെ ചെളിവെള്ളം രണ്ടായ് പകുത്തുകൊണ്ട് ഒരുചെറുപ്പക്കാരൻ.. സ്പീഡോമീറ്റർ നൂറുകടന്നിട്ടും വേഗത പോരന്ന് തോന്നാ‍ൻ അവന്റെ മനസിലെന്താണുള്ളത്. ഓരോ നിമിഷവും സാവധാനം ജീവിച്ച് തീർക്കാനുള്ളതാണെന്ന് ആരാണവനോട് പറയുന്നത്. ഒരു വളവിനപ്പുറം നിന്ന്
ദൈവം അവന്റെ അമ്മയോട് സംസാരിക്കുന്നു. പറക്കമുറ്റാത്ത അവന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു.
ഭൂമിയെ ഉമ്മവയ്ക്കൻ കൊതിച്ചിറങ്ങിവരുന്ന മിന്നലുകൾ...ഞങ്ങളേയും ഉമ്മവച്ചു
കൊല്ലൂയെന്ന് കെഞ്ചുന്ന മരത്തലപ്പുകൾ..... അതിനു ചുവട്ടിൽ നിൽക്കുന്ന കൂലിപ്പണിക്കാരിക്ക് ഉമ്മ വേണ്ട.. ചോർന്നൊലിക്കുന്ന ഒരു കൂരയവളെ നോക്കിയിരിപ്പുണ്ട്... നോക്കിയിരിപ്പുണ്ട് മിന്നൽപോലെ അവൾ വളർത്താൻ കൊതിച്ച പൈതങ്ങൾ
വീട്ടിനു ചുറ്റും അതിരുകളാണ്. മണ്ണളന്നപ്പോൾ... ഒരുചവിട്ടടി മണ്ണിനുവേണ്ടി ചോരയൊഴുക്കിയവർ. വളരുന്ന അതിരുകൾ പട്ടാളക്കാരെന്റെ കാവലോളം വളരുന്ന അതിരുകൾ...
മൂന്നാമത്ത പെഗ്ഗിനുശേഷം ഒരു കഥ ചോദിച്ച കൂട്ടുകാരൻ.... കൊലപാതകം ആത്മഹത്യയാക്കുന്ന കഥയിലഞ്ഞു കൈകൊട്ടുന്നു. സാരിക്കുരുക്കിൽ സങ്കടങ്ങൾ കൊണ്ടുപോയ അമ്മയെപറ്റിയല്ല...ഇപ്പൊഴും ജീവിച്ചിരിക്കുന്ന അച്ഛനുവേണ്ടി ഈ നാലാമത്തെ പെഗ്ഗ്.
മഴ തോരുന്നു. ഭൂമിയോട് ഉറക്കത്തിൽ നിന്നെണീക്കൂന്ന് പറയാൻ വെളിച്ചം വരുന്നു... അതിനു മുൻപ് ജീവിതമെന്ന് പേരിട്ട കഥയുടെ അവസാന വരി...
വായനക്കാരാ.... നിങ്ങളെഴുതുമോ.......?

October 28, 2009

ജീവിതത്തിന്റെ ഉത്തരം


(അറിവിന്റെ പാഠപുസ്തകത്തിനും തിരിച്ചറിവിന്റെ ജീവിതത്തിനുമിടയിൽ‌പ്പെട്ടു പകച്ചവർക്ക്)


നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ് ’
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു”
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ’ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽ‌പ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാ‍തൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം’
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ’യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ’
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ’-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്’
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ’മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ

October 20, 2009

കോഴി

ഇറച്ചിക്കോഴികളെന്ന
പരസ്യബോർഡ്
വെയിലിൽ
തിളച്ച്പൊള്ളുന്നതും
നോക്കി
അന്നംകൊത്തിതിന്നും
ചിറകുരുമിച്ചിരിച്ചും
ദാ ഇപ്പോൾ
റോഡിലൂടെനടന്നുമറഞ്ഞ
പുള്ളിക്കുപ്പായമിട്ട
നഴ്സറിക്കുട്ടികളെപ്പോലെ
ഞങ്ങളും
കലപിലകൂട്ടും
ഇടയ്ക്കിടയ്ക്ക്
ഒരാൾ വീതം
കൂടുതുറന്ന്
കൂകിവിളിച്ച്
സ്വാതന്ത്ര്യമാഘോഷിച്ച്
ഇറങ്ങിപോകും
അവർക്കുപിന്നാലെ
മരക്കുറ്റിയിൽ
വീണുതെറിച്ച
ചുവന്ന
പൊട്ടുകളെ ചുമന്ന്
ഈച്ചകളും
അപ്പൊഴും
പ്രണയത്തിന്റെ
അങ്കവാലുയർത്തുന്ന
പൂവനെക്കണ്ട്
അന്നത്തിൽ
‘റ’ വരയ്ക്കുന്നുണ്ടൊരു
പിട
മുട്ടയിടാൻവെമ്പുന്നെന്ന്
അടക്കംപരയുന്നുണ്ട്
മറ്റൊരുത്തി
മണ്ണുകീറി
ഇരപിടിക്കും വിധം
വിവരിക്കുന്നുണ്ടൊരു
മുത്തശ്ശൻ
കുറുക്കനെപറ്റിച്ച
കഥപറഞ്ഞ്
വീമ്പിളക്കുന്നുണ്ട്
കൂടില്ലാതെ
പണ്ട് മേഞ്ഞവൾ
അങ്ങനെ
കൊക്കരക്കോയുടെ
കൂട്ടിനുള്ളിൽ
തൂവലാൽ
ഉത്സവം കൊട്ടുന്നു
ഞങ്ങൾ
വിലയുറച്ചാൽ
കഴുത്തറ്റൊടുങ്ങുമെന്ന-
റിയാഞ്ഞിട്ടല്ല
എങ്കിലും
സങ്കടപ്പെട്ട് തുലയ്ക്കാൻ
വയ്യൊരു നിമിഷവും
ഇത്തിരി ഇത്തിരിയേയുള്ളൂജീവിതം