November 15, 2009

ഒറ്റവഴിയിലവസാനിക്കുന്ന വീട്

മഴക്കൂടുകൾക്ക്
താഴെ
കുന്നിൻ ചെരുവിൽ
പേരറിയാത്ത
ഒരു കാട്ടുമരത്തിന്റെ
അടിയിലായിരുന്നു
അവളുറങ്ങിയിരുന്നത്
അവളുടെ അപ്പനുമമ്മയും
തകർന്നകൂരയെപ്പോലെ
തന്നെ തകർന്ന നെഞ്ചുമായ്
എവിടേയ്ക്കോ നടന്നുപോയി
അടുത്ത തിരഞ്ഞെടുപ്പിൽ
ആരെങ്കിലും അവരെ അന്വേഷിച്ചു
വരുമായിരിക്കും
ദയാലുവായ സർക്കാ‍ർ
അവർക്കനുവദിച്ച
മണ്ണെണെയും അരിയും
മാസാവസാനം
റേഷൻ കടക്കാരൻ
മറ്റൊരാൾക്ക് മറിച്ചുവിൽക്കുമായിരിക്കും
അതൊക്കെ അങ്ങനെതന്നെ
സംഭവിക്കട്ടെ
ഇടയ്ക്കിടയ്ക്ക്
ഉറക്കം ഞെട്ടിയുണരുമ്പോൾ
കാട്ടുമരത്തിന്റെ വേരുകളിൽ
മുഖമവർത്തിവച്ചവൾ
ആലോചിക്കും
തന്റെ നീലാകാശത്തെപ്പറ്റി
ജമന്തിയേയും കോഴിക്കുഞ്ഞുങ്ങളെയും
കരിവരച്ചുകൊടുത്ത ആട്ടിൻകുട്ടിളേയുപ്പറ്റി
അപ്പനമ്മമാരുടെ നടുവിൽ
നക്ഷത്രം കണ്ടുറങ്ങാത്ത രാത്രികളെപ്പറ്റി
ഒരിക്കലും അവൾ ഓർമ്മിക്കില്ല
തന്റെ നീലാകാശം ചുവപ്പിച്ചവരെയും
അപ്പനമ്മമാരെ കരയിച്ചവരെയുംപ്പറ്റി
അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ
അവൾ സൂക്ഷിച്ചിരുന്ന
ഈശോയുടെ മുഖമായിരുന്നവൾക്കും

November 8, 2009

ഞാനാരെന്ന് പറഞ്ഞേപറ്റൂ

ഞാൻ ഹിന്ദുവല്ല
അച്ഛനും അമ്മയുമെന്ന്
വിളിച്ചു ശീലിച്ചുപോയെങ്കിലും.
ഇസ്ലാമല്ല
ഉമ്മയും ബാപ്പയും
ജീവിച്ചിരിക്കുന്നുവെങ്കിലും
ക്രിസ്ത്യാനിയല്ല
അമ്മച്ചീന്നും
അപ്പച്ചാന്നും
നാവു വഴങ്ങിക്കൊടുക്കുമ്പോഴും
ബുദ്ധനോ ജൈനനോ
സിക്ക് മതക്കാരനോ അല്ല
പിന്നെ കമ്മ്യൂണിസ്റ്റുമല്ല
മൂലധനവും
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
പ്രസംഗിച്ചു നടന്നെങ്കിലും.
എങ്കിൽ പിന്നെ
ഞാനാരായിരിക്കുമെന്ന്
ഞാനും
ഇവനാരായിരിക്കുമെന്ന്
നിങ്ങളും
തീർച്ചപ്പെടുത്തേണ്ടിയിരിക്കുന്നു
അലസരെ വിട്ടേയ്ക്കാം
ക്ഷമയുള്ള ആ മാടുകൾ
കവിതയുടെ അവസാനം
ഉത്തരം തെളിയുന്നതും കാത്തിരിപ്പുണ്ടാകും
‘ഞാനൊരു മനുഷ്യനാണെന്ന്’
പറഞ്ഞാൽ കൂകിവിളിക്കും
നിങ്ങൾ ആലസം വിട്ടെണീറ്റവർ-
എന്റെയുള്ളിലെ ഒരായിരം ഞാനുകൾ
കുരുങ്ങിയല്ലോ
പിന്നെന്താണൊരു പോംവഴി
ഒരു തകർപ്പൻ ക്ലൈമാക്സിന്

November 4, 2009

യാത്രാകാലം

വീടുവിട്ടിറങ്ങുമ്പോൾ മഴയായിരുന്നു. നട്ടുവളർത്തിയ മരങ്ങളേയും സ്നേഹിച്ച ചെടികളേയും ഇരുട്ടിലുപേക്ഷിച്ച് ഒറ്റയ്ക്ക്.... യാത്രപറയാതെ പോരുമ്പോൾ നോവാനോ സന്തോഷിക്കാനോ ആരുമില്ല. ഒരു പൂച്ചക്കുട്ടിയെ വളർത്തിയതാണല്ലോ,ഹേയ്.. അല്ല അത് വന്നുകയറി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മടുത്ത ഏതോ ഒരു നിമിഷം അതിറങ്ങിപ്പോയിട്ടുണ്ടാകും.അല്ല, പൂച്ച സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഏതു കവിതയാകും വായിച്ചിട്ടുണ്ടാകുക. വീണ്ടും തെറ്റുന്നു. പൂച്ചതന്നയൊരു സ്വാതന്ത്ര്യമല്ലേ,ഒരു തുടലിലും കുരുങ്ങി ആർക്കു വേണ്ടിയും കുരയ്ക്കാത്ത സ്വാതന്ത്ര്യം.
മഴക്കൊമ്പ്കുലുക്കി ആടിയാടി അലയുന്ന മരങ്ങളേ നിങ്ങൾ അൻവറിന്റെ കവിതയായ് പൂത്തതെന്നാണ് …... മുറിഞ്ഞ വഴികളെപറ്റി പാടാൻ വയ്യ. എന്റെ ചോരപൊടിഞ്ഞു കിടപ്പുണ്ട് അതിന്റെ വക്കുകളിൽ. അതുമതി.. അതുമാത്രം മതി.
റോഡിലെ ചെളിവെള്ളം രണ്ടായ് പകുത്തുകൊണ്ട് ഒരുചെറുപ്പക്കാരൻ.. സ്പീഡോമീറ്റർ നൂറുകടന്നിട്ടും വേഗത പോരന്ന് തോന്നാ‍ൻ അവന്റെ മനസിലെന്താണുള്ളത്. ഓരോ നിമിഷവും സാവധാനം ജീവിച്ച് തീർക്കാനുള്ളതാണെന്ന് ആരാണവനോട് പറയുന്നത്. ഒരു വളവിനപ്പുറം നിന്ന്
ദൈവം അവന്റെ അമ്മയോട് സംസാരിക്കുന്നു. പറക്കമുറ്റാത്ത അവന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു.
ഭൂമിയെ ഉമ്മവയ്ക്കൻ കൊതിച്ചിറങ്ങിവരുന്ന മിന്നലുകൾ...ഞങ്ങളേയും ഉമ്മവച്ചു
കൊല്ലൂയെന്ന് കെഞ്ചുന്ന മരത്തലപ്പുകൾ..... അതിനു ചുവട്ടിൽ നിൽക്കുന്ന കൂലിപ്പണിക്കാരിക്ക് ഉമ്മ വേണ്ട.. ചോർന്നൊലിക്കുന്ന ഒരു കൂരയവളെ നോക്കിയിരിപ്പുണ്ട്... നോക്കിയിരിപ്പുണ്ട് മിന്നൽപോലെ അവൾ വളർത്താൻ കൊതിച്ച പൈതങ്ങൾ
വീട്ടിനു ചുറ്റും അതിരുകളാണ്. മണ്ണളന്നപ്പോൾ... ഒരുചവിട്ടടി മണ്ണിനുവേണ്ടി ചോരയൊഴുക്കിയവർ. വളരുന്ന അതിരുകൾ പട്ടാളക്കാരെന്റെ കാവലോളം വളരുന്ന അതിരുകൾ...
മൂന്നാമത്ത പെഗ്ഗിനുശേഷം ഒരു കഥ ചോദിച്ച കൂട്ടുകാരൻ.... കൊലപാതകം ആത്മഹത്യയാക്കുന്ന കഥയിലഞ്ഞു കൈകൊട്ടുന്നു. സാരിക്കുരുക്കിൽ സങ്കടങ്ങൾ കൊണ്ടുപോയ അമ്മയെപറ്റിയല്ല...ഇപ്പൊഴും ജീവിച്ചിരിക്കുന്ന അച്ഛനുവേണ്ടി ഈ നാലാമത്തെ പെഗ്ഗ്.
മഴ തോരുന്നു. ഭൂമിയോട് ഉറക്കത്തിൽ നിന്നെണീക്കൂന്ന് പറയാൻ വെളിച്ചം വരുന്നു... അതിനു മുൻപ് ജീവിതമെന്ന് പേരിട്ട കഥയുടെ അവസാന വരി...
വായനക്കാരാ.... നിങ്ങളെഴുതുമോ.......?

October 28, 2009

ജീവിതത്തിന്റെ ഉത്തരം


(അറിവിന്റെ പാഠപുസ്തകത്തിനും തിരിച്ചറിവിന്റെ ജീവിതത്തിനുമിടയിൽ‌പ്പെട്ടു പകച്ചവർക്ക്)


നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ് ’
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു”
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ’ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽ‌പ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാ‍തൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം’
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ’യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ’
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ’-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്’
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ’മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ

October 20, 2009

കോഴി

ഇറച്ചിക്കോഴികളെന്ന
പരസ്യബോർഡ്
വെയിലിൽ
തിളച്ച്പൊള്ളുന്നതും
നോക്കി
അന്നംകൊത്തിതിന്നും
ചിറകുരുമിച്ചിരിച്ചും
ദാ ഇപ്പോൾ
റോഡിലൂടെനടന്നുമറഞ്ഞ
പുള്ളിക്കുപ്പായമിട്ട
നഴ്സറിക്കുട്ടികളെപ്പോലെ
ഞങ്ങളും
കലപിലകൂട്ടും
ഇടയ്ക്കിടയ്ക്ക്
ഒരാൾ വീതം
കൂടുതുറന്ന്
കൂകിവിളിച്ച്
സ്വാതന്ത്ര്യമാഘോഷിച്ച്
ഇറങ്ങിപോകും
അവർക്കുപിന്നാലെ
മരക്കുറ്റിയിൽ
വീണുതെറിച്ച
ചുവന്ന
പൊട്ടുകളെ ചുമന്ന്
ഈച്ചകളും
അപ്പൊഴും
പ്രണയത്തിന്റെ
അങ്കവാലുയർത്തുന്ന
പൂവനെക്കണ്ട്
അന്നത്തിൽ
‘റ’ വരയ്ക്കുന്നുണ്ടൊരു
പിട
മുട്ടയിടാൻവെമ്പുന്നെന്ന്
അടക്കംപരയുന്നുണ്ട്
മറ്റൊരുത്തി
മണ്ണുകീറി
ഇരപിടിക്കും വിധം
വിവരിക്കുന്നുണ്ടൊരു
മുത്തശ്ശൻ
കുറുക്കനെപറ്റിച്ച
കഥപറഞ്ഞ്
വീമ്പിളക്കുന്നുണ്ട്
കൂടില്ലാതെ
പണ്ട് മേഞ്ഞവൾ
അങ്ങനെ
കൊക്കരക്കോയുടെ
കൂട്ടിനുള്ളിൽ
തൂവലാൽ
ഉത്സവം കൊട്ടുന്നു
ഞങ്ങൾ
വിലയുറച്ചാൽ
കഴുത്തറ്റൊടുങ്ങുമെന്ന-
റിയാഞ്ഞിട്ടല്ല
എങ്കിലും
സങ്കടപ്പെട്ട് തുലയ്ക്കാൻ
വയ്യൊരു നിമിഷവും
ഇത്തിരി ഇത്തിരിയേയുള്ളൂജീവിതം

October 15, 2009

മീൻകുരുക്ക്

പിരിയാൻനേരംവാടിയ-
മുല്ലപൂവിൻചിരിയാൽ മുടി-
ചുറ്റിക്കെട്ടിവച്ചവൾചൊല്ലി
അരുത് ഈവഴിക്കിനിവന്നേ-
യ്ക്കരുത് ഇനിമേല്നമ്മൾ-
രണ്ടപരിചിതർമാത്രം
ഉള്ളുടക്കിയോ രാവിൽക്കണ്ട-
നക്ഷത്രങ്ങളെണ്ണുവാനിയെത്ര
രാവുകൾ ശേഷിക്കുന്നു
കോർക്കുവാനാകാത്തതയേ-
തുപൂവുണ്ടെന്നോർത്തുഞാൻ തലയാട്ടി-
മനയ്ക്കൽതിരിച്ചെത്തി
ജാതിതെറ്റിക്കെട്ടാനാവുമോ-
പാരമ്പര്യജാതകംതിരുത്തു-
വതെന്തൊരുമഹാപാപം
വലിച്ചാൽപൊട്ടുന്നൊരു -
താലിയെന്തിനുപെണ്ണേ-
കരാർക്കുരുക്കിൽ കുറുകുന്നത-
വൌട്ടോഫാഷൻ പൊന്നേ
കണ്ണടച്ചുറങ്ങാത്ത മീനുകൾ
കിനാവലക്കണ്ണിയിൽ
കുരുങ്ങുന്നതോർത്തു ഞാനിരിക്കവേ
നാവിലൂറുന്നുണ്ട് നീതന്നമീനിൻരുചി
പാകംനിൻകണ്ണീരുപ്പ്,യെനിക്കുകൌതുകമെരി1
പട്ടുവാങ്ങണംപുത്തൻപെണ്ണിന്
തിരക്കുക്കുള്ളപട്ടണം കുടുംബക്കാർ
വാടകക്കാറിൽച്ചുറ്റേ
നിന്നെഞാനോർമിച്ചല്ലോ ആദ്യമായ്-
നിക്കായിവാങ്ങിയ കരുതലെൻ
ബുദ്ധിയെന്നറിഞ്ഞല്ലോ
ഇനി വേളിക്കുരണ്ടുനാൾ -കറക്കം
മതിയാക്കെന്നച്ഛന്റെയുപദേശം
അപ്പൊഴും കാതോർത്തുഞാൻ നിൻസ്വരം
മതിൽതുളച്ചെത്തുന്നനാദബ്രഹ്മം
ഇന്നാണ് വേളി-വീട്ടക്കംപൊട്ടി-
ച്ചിരിയിൽമുഴങ്ങുമ്പോൾ
മനയ്ക്കപ്പുറമവർണ്ണർക്കഴുക്കു-
കളയാൻ വെട്ടിയകുളത്തിൽ നീ
പരിശുദ്ധയായ്, കൺതുറന്നുറങ്ങുന്ന
മീനായ്ത്തുടിച്ചെന്നോ....?
കറയായ്തീർന്നോരഴുക്കിൽ
കാൽവഴുതി കതിർമണ്ഡപമേറുന്നു ഞാൻ.
(മനോജ്കുറൂരിന്റെ മത്സ്യമെന്ന കവിതയോട് കടപ്പാട്)
1. എരിവ്


October 12, 2009

എനിക്ക് മരിക്കാൻപേടിയാണ്

എനിക്ക് മരിക്കാൻപേടിയാണ്
ജീവിതത്തെ ഞാനൊരിക്കലും
സ്നേഹിക്കാതിരുന്നിട്ടുകൂടി
എനിക്കു മരിക്കാൻപേടിയാണ്
അച്ഛനെന്നെ ശപിച്ചിട്ടേയുള്ളൂ
പെങ്ങൾ വെറുത്തിട്ടേയുള്ളൂ
കാമുകി കുരുക്കിൽനിന്നെന്ന
കുരുക്കിലേയ്ക്ക് കുരുക്കിയിട്ടേയുള്ളൂ
അമ്മ അമ്മ അമ്മ അമ്മ
നിങ്ങളുടെ അമ്മയെപ്പോലെ
അമ്മയുണ്ടായ നാൾമുതൽക്കുള്ള അമ്മയെപ്പോലെ
മകനുവേണ്ടി കരഞ്ഞു കരഞ്ഞു പ്രാർത്ഥിച്ചിട്ടേയുള്ളൂ
പിരിഞ്ഞ കൂട്ടുകാരിപ്പോളെവിടയാകാം
പോകുമ്പോൾ ഒരുചിരി തരാതെപോയവർ
എല്ലാവരും എല്ലാവരും എന്നോട്
നിശബ്ദമായ് മരിക്കാൻ പറയുന്നു
എനിക്കവരെ എന്തിഷ്ട്ടമാണെന്നോ
അവരുടെ വാക്കുകളെനിക്ക് എന്തുമതിപ്പാണെന്നോ
എന്നിട്ടും എനിക്ക് മരിക്കാൻപേടിയാണ്
ഞാൻ മരിച്ചാൽ എന്റെഅച്ഛൻ
പിന്നെആരെ ശപിക്കുമെന്ന്
അച്ഛൻ തല്ലിപൊട്ടിച്ച തുടയിലെ തഴമ്പുനോക്കി
ഞാനാശ്വസിക്കും
എന്റെ പെങ്ങൾ
എന്റെ കാമുകി
എന്റെ എന്റെ എന്റെ അമ്മ
എന്റെ കൂട്ടുകാർ
ഞാൻ മരിച്ചാൽ
അവരാരെ വെറുക്കും
ആരെ കുരുക്കും
ആർക്കുവേണ്ടി പ്രാർത്ഥിക്കും
ആരെപിരിയും
അതുകൊണ്ട് അവർക്കുവേണ്ടി ഞാൻ ജീവിക്കുന്നെന്ന്
പ്രഖ്യാപിക്കുന്നു
എനിക്കു മരിക്കാൻപേടിയാണെന്നത്
മറച്ചുവയ്ക്കുന്നു.

September 27, 2009

രണ്ടു കവിതകൾ

കടം
അച്ഛൻവാങ്ങിയ
കയറിൽ
ഒരുമുഴം
മിച്ചമുണ്ടായിരുന്നതുകൊണ്ട്
ഒടുവിൽ
കയറിന്റേയും
കടക്കാരൻ
വീട്ടിൽ വന്നപ്പോൾ
അമ്മയ്ക്ക്
കടം വാങ്ങേണ്ടി
വന്നില്ല.
സൌഹ്യദത്തിന്
ഒരു മരംവേണ്ട
വിഷംതീണ്ടാതെ
ഒരിലമതി

September 19, 2009

ഉറുമ്പ്

പിന്നിലെങ്കിലും
വരിതെറ്റിച്ചിട്ടില്ല
ഒരുതരിമധുരത്തിനും
ഒറ്റയ്ക്ക്കൊതിച്ചിട്ടില്ല
കയ്പ്പിച്ച വഴികളിൽ
കലഹിച്ചകന്നിട്ടില്ല
മോഹിച്ചിട്ടേയുള്ളൂ
കൂട്ടംതെറ്റാതൊന്ന്
ജീവിക്കാൻ
കൂട്ടംതെറ്റിയൊന്നൊടുങ്ങാൻ

September 17, 2009

ബി പോസിറ്റീവ്

സാമൂഹിക പ്രവർത്തകനോട്
ചോദിച്ചു
ബി പോസിറ്റീവാണോ?
അല്ല
എ പോസിറ്റീവാ
കൂട്ടുകാരനോട്
ചോദിച്ചു
ബി പോസിറ്റീവല്ലേ ?
മറുപടി നെഗറ്റീവായിരുന്നു
കവിയോട് ചോദിച്ചു
രക്തമൂറ്റികവിതയെഴുതിയെന്ന്
ഒറ്റവരിക്കവിത തന്നു
കണ്ടവരോടും
കേട്ടവരോടും ചോദിച്ചു
ആരുമാരും
ബി പോസിറ്റീവല്ലത്രേ
എന്നിട്ടും
ക്ലിനിക്കൽ ലബോറട്ടറിയിലെ
രേഖയിൽ
മരുന്നുകടക്കാരന്റെ
ഓർമ്മയിൽ
കവിക്ക് രക്തംകൊടുത്ത്
കവിതയെ രക്ഷിക്കണമെന്ന
വാർത്തയിൽ
കൂട്ടുകാരന്റെ ഞരമ്പുനിറയ്ക്കാൻ
പാഞ്ഞരാത്രിയിൽ
അവരെല്ലാം
ബി പോസിറ്റീവായിരുന്നു
എത്രപെട്ടന്നാണ്
രക്തംപോലും
ഗ്രൂ‍പ്പ് മാ‍റുന്നത്

September 11, 2009

പ്രണയമേ....


തീരെ ചെറിയവരായിരുന്നിട്ടും
നമുക്കിടയിൽ
രണ്ട് ആകാശവും
രണ്ട് ഭൂമിയുമുണ്ടായിരുന്നു
ഒരിക്കൽപോലും
നിന്റെ കരനനയ്ക്കാനെന്റെ
കടലുവന്നിരുന്നില്ല
എന്റെ മഴപ്പാട്ടുകൾക്ക്
നിന്റെ മണ്ണ്
കാതുകൂർപ്പിച്ചിരുന്നുമില്ല
അതിരളവുകളുടെ
സ്വപ്നരാത്രികളിൽ
ജ്വലിക്കാൻ
നമുടെ ആകാശം
ഒരു നക്ഷത്രംപോലും
സൂക്ഷിച്ചിരുന്നില്ല
എന്നിട്ടുമെന്തിന്
മണമില്ലാത്ത പൂക്കളും
മധുരനാരങ്ങത്തോട് പോലെ
അകം നഷ്ട്ടപ്പെട്ട ഹ്യദയവും
തുളച്ചിറങ്ങുന്ന
മൌനവുംകൊണ്ട്
നമ്മളൊപ്പുവയ്ക്കുന്നു
‘ എന്നെ നീയും
നിന്നെ ഞാനും അറിഞ്ഞിരുന്നെന്ന’
ആ വലിയ കള്ളത്തിലേറി
ജീവിതം പിന്നെയും
ശിഷ്ട്ടജന്മം തുഴഞ്ഞൊടുക്കുന്നു.

September 9, 2009

സ്വാതന്ത്ര്യം ആരുടെ സങ്കൽ‌പ്പമാണ്

മഴത്തുള്ളികൾ
മണ്ണിൽ വീണുപൊടിച്ച്
ചുവന്ന ചാലായി
ഓടിപോകുന്നത്
മരം
ചില്ലകൾക്ക്
കാണിച്ചു കൊടുത്തു
നെഞ്ചിനു നേർക്ക്
വരുന്ന ഒരു മഴുവിനു
മുൻപ്
നമുക്കും
ഓടിപോകാമെന്ന്
ചില്ല മരത്തിനോട് കെഞ്ചി
അതു കേൾക്കേ
മണ്ണിനടിയിൽ
നിന്നു വേരുകളുടെ
ചങ്ങലച്ചിരി
മരത്തിലിടിച്ചു ചിതറി
മരത്തിന്റെ
നിസ്സഹായത
വിശ്വസിക്കാതെ
മേൽമണ്ണിനപ്പുറം
കാഴ്ച്ചയില്ലാത്ത
ചില്ലകൾ
ഇലകൾ പൊഴിച്ച്
പ്രതിഷേധിച്ചുകൊണ്ടിരുന്നു
.

September 6, 2009

വെളിച്ചവിൽ‌പ്പനയ്ക്കു വേണ്ടി ഒരു പരസ്യകവിത

വെളിച്ചം
ഒരു കുപ്പിയിലാക്കി
വിൽക്കാൻ വച്ചിരിക്കുന്നു.
വീടിന്റെ മുക്കും മൂലയും
അരിച്ചിറങ്ങുന്ന
വെളിച്ചമെന്ന്
കുപ്പിപ്പുറത്ത്
പരസ്യപ്പെടുത്തിയിട്ടുണ്ട്
ഇരുട്ടിന്റെ മറപിടിക്കുന്ന
ജാരനേയും
ഇരുട്ടിലൊളിക്കുന്ന
കള്ളനെയും
ഈ വെളിച്ചം
പിടിച്ച് മുന്നിലിട്ടുതരും
അവിശ്വാസിയായ
മകന്റെ കണ്ണിലും
നീലക്കടമ്പുപൂത്ത
മകളുടെയുള്ളിലും
കിടപ്പറയിൽ മടുത്ത
പെണ്ണുടലിലും
വെളിച്ചം തറയ്ക്കും
വെയിൽക്കാറ്റുപോലെ
പറ്റിച്ചേർന്ന്
അവരെ അവരല്ലാതാക്കും
അതിൽ‌പ്പരമൊരാനന്ദമെന്തുണ്ട്
വെളിച്ചം ദു:ഖമാണെന്ന്
പറഞ്ഞവന്റെ പിന്തുടർച്ചക്കാർ
വെളിച്ചംകുടിച്ചലറും
വെളിച്ചത്തിലിരുന്നാഘോഷിക്കും
കൂടപ്പിറപ്പിനേയും
കൂട്ടുകാരനേയും
ഇരുട്ടിലല്ല, വെളിച്ചത്തിലൊറ്റണം
ആ സുഖത്തിലാറാടണം
ആറാടി
അഞ്ചാടി
നാലാടി
മൂന്നാടി
രണ്ടാടി
ഒന്നാടി
ഒന്നുമില്ലാതാടണം
അപ്പോൾ
‘ഹാ വെളിച്ചത്തിനെന്തൊരു വെളിച്ചം’
ഈ പരസ്യപ്പാട്ടുകാരന്റെ
കവിതയ്ക്കെന്തൊരുതെളിച്ചം.

August 30, 2009

രണ്ട് അക്കങ്ങള്ക്കിടയിലെ ജീവിതം

കണക്കുകളുടേതാണ്
ശമ്പളദിവസം
അവൾക്കും
എനിക്കുമുണ്ട്
രണ്ട് കണക്കുകൾ
പാൽ പത്രം റേഷൻഷോപ്പ്
പലചരക്കുകട
മെഡിക്കലൽ സ്റ്റോറ്
കുഞ്ഞുങ്ങളുടെ കൊച്ചിഷ്ടങ്ങൾ
മാസാവസാനം തൊട്ട്
അവൾ കണക്കുകൂട്ടുന്നത് കേൾക്കാം
ഗ്യാസ് സിലിണ്ട്ര് തീറ്ന്നല്ലോയെന്നും
ഇത്തവണ വീട്ടുടമസ്ഥനോട്
എന്താണ് പറയുകയെന്നും
ഓരോ രാത്രിയും
ഒരു പ്രാറ്ത്ഥനപോലെ
അവൾ പിറുപിറുക്കുന്നത്
കേൾക്കാം
ഓഫീസില്
തുണിക്കച്ചവടക്കാരാൻ
കൊണ്ട് വന്ന
വെള്ളയിൽ നീലപൂക്കളുള്ള
സാരിയെടുക്കാനായില്ലെന്നും
പണയംവച്ച
സ്വറ്ണ്ണക്കമ്മലിണ്ടെ
കാലാവധി കഴിയാറായെന്നും
ഉറക്കങ്ങളിൽനിന്നുണറ്ന്നവൾ
പരിഭവിക്കുന്നതറിയാം
അതൊക്കെ കണ്ടില്ലെന്നും
കേട്ടില്ലെന്നും നടിക്കാനാകാതെയാണ്
അരണ്ട വെളിച്ചത്തിലിരുന്ന്
ചില്ലുഗ്ലാസിലെ വിഷം
ഞാൺ കുടിക്കുന്നത്
സമാന ദു:ഖമുള്ള
ചങ്ങാതിയെ കുടിപ്പിക്കുന്നത്
കിടപ്പറയിലെ
അവളുടെ കണക്കുകൂട്ടലുകൾ

തെറ്റാതിരിക്കാനാണ്
ഒരു കണക്കുമാത്രം പറയുന്ന
പെണ്ണിനെ തേടിപോകുന്നത്
അപ്പോഴൊക്കയും
ഞാനെന്നോട് പറയുന്നുണ്ട്
അവളെയെനിക്കെന്തിഷ്ടമാണ്
എന്തിഷ്ടമാണ്.

July 14, 2009

ചെമ്പരത്തി

വീടിന്
മതിലുകെട്ടാത്തവർ
നാലതിരിലും
ചെമ്പരത്തിക്കമ്പ്
കുത്തിവയ്ക്കും
വെള്ളവുംവളവുമില്ലെങ്കിലും
വീട്ടുകാരനോട്
കൂറുള്ള പട്ടിയെപോലെ
അത് വേരുകളാഴ്ത്തി
കാവല് നില്ക്കും
അതിരുമുറിച്ച് കടക്കരുതെന്ന്
ചുവന്ന സിമ്പലുകളാൽ
ഓറ്മ്മിപ്പിക്കും
റോസയും മുല്ലയും
കാശിതുമ്പയുമെല്ലാം
ചെടിച്ചട്ടികളുടെ
മടിത്തട്ടുകളിലിരുന്ന്
ചിരിക്കും
ഒരുപെണ്ത്തലയിലും
സ്ഥാനമില്ലാതെ
ഒരു പ്രണയസങ്കൽ‌പ്പത്തിലും
ഇടമില്ലാതെ
പൂവായ് മണക്കാതെ
മച്ചിയായിപോയതെന്ന്.
ചിലപ്പോള്
വഴിത്തെറ്റി
ആരെങ്കിലും വന്ന്
പറിച്ച് കാതിൽ വയ്ക്കും
പ്രാന്തൻ പ്രാന്തനെന്ന്
കണ്ടവരൊക്കെ ആറ്ത്തുചിരിക്കും
അപ്പോഴാണ്
സങ്കടം വരുന്നത്
കാതില്നിന്നൂറ്ന്ന് വന്ന്
ആ കവിളില് അമറ്ത്തിയമറ്ത്തി
ഉമ്മവയ്ക്കാൻ കൊതിതോന്നുന്നത്

July 11, 2009

പുഴ

ഒരിടത്തും
ഉറയ്ക്കുന്നില്ല
ഒരു പിടച്ചിലായ്
ഒഴുകിക്കൊണ്ടേയിരിക്കും
ഒടുക്കം
സങ്കടപ്പെരുങ്കടലിൽ

July 7, 2009

വിവരണാതീതം

ചിലപ്പോഴൊക്കെ
അവളങ്ങനെയാണ്
മഴ നനഞ്ഞ്
പൊള്ളിയെന്നും
വെയിലുകൊണ്ട്
തണുത്തെന്നും പറയും
മഴയുടെ സ്ഥാനത്ത്
വെയിലും
വെയിലിന്ടെ
സ്ഥാനത്ത്
മഴയും വന്നാൽ
വാക്യം ശരിയാകുമെന്ന്
ഞാനപ്പോൾ
തിരുത്തും
ഏതു സ്ഥാനം മാറിയാലാണ്
ജീവിതം ശരിയാവുകയെന്നവള്
ചോദിക്കും
ഉത്തരമില്ലാതെ
ഉടലിലൂടെ ഞാനരിച്ചിറങ്ങും
നിങ്ങളൊരുറുമ്പാണെന്ന്
അവള് ചിരിക്കും
പാമ്പാണെന്ന്
അവള് കുതറും
കുതിരയാണെന്ന്
അവള് കിതയ്ക്കും
ഒടുവില്
ഒരൊറ്റക്കരച്ചിലിൽ
അവള്
പറയും
നിങ്ങൽക്കൊരു തുള്ളി
വിഷമായിക്കൂടെ....?
ഞാനാദ്യമേ പറഞ്ഞില്ലേ
ചിലപ്പോഴൊക്കെ
അവളങ്ങനെയാണ്

June 26, 2009

ചരിത്രനിഷേധം

ഞങ്ങളുടെ
വീട്ടിൽ
ടിപ്പുവെന്നപട്ടിയും
ക്ലീയൊപാട്രയെന്ന
പൂച്ചയും
ഉണ്ടായിരുന്നു
വീട്ടിലേയ്ക്ക്
ആരേയും
അടുപ്പിക്കാതെ
ടിപ്പു എപ്പോഴും
അപ്പുറത്തുള്ളവരുടെ
മുറ്റം നോക്കികിടന്നു
പത്തായപ്പുരയിലേയ്ക്ക്
ക്ലീയൊപാട്ര
കൊണ്ടുപോകുമെന്നകൊതിയോടെ
കണ്ടന്മാരൊക്കെ
പറമ്പുമൂലകളിൽ
ഇരുട്ടിനെതുളച്ച
കണ്ണുകളുമായി കാവലിരുന്നു
അങ്ങനെ അധികാരവും
സൌന്ദര്യവും
ടിപ്പുവും ക്ലീയൊപാട്രയും
അറിയിച്ച്കോണ്ടേയിരുന്നു
2
അടുക്കളപ്പുറത്ത്
അമ്മ മീന്കഴുകാ‍നിരിക്കുമ്പൊൽ
ഈ രാജവംസീയരോക്കെ
ഓച്ഛനിച്ഛ്
നാവുനുഞ്ഞ് നിന്നിരുന്നു
ചത്തമീനിന്ടെ
മുള്ളിനുവേണ്ടിയുള്ള
ആ നില്പ്കണ്ടതു മുതലാണ്
ചരിത്രപുസ്തകത്തിൽ
നിന്ന് ഞാൻ
ടിപ്പുവിനേയും
ക്ലീയൊപാട്രയെയും
പുറത്താക്കിയത്.
0 views Links to this post

May 31, 2009

എല്ലാം അതുപോലെ തന്നെയുണ്ട്
പുറത്തെ മഴയൊച്ച
അടുക്കളയിലെ
വറുത്ത മീനിണ്ടെ മണം
ടി വി ന്യൂസിലെ
(പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത )
നിന്നെക്കുറിച്ചുള്ള മരണാഘോഷങ്ങളും
പെങ്ങളൊരുത്തി മുറിച്ച മാമ്പഴത്തോടൊപ്പം
വന്നു ചോദിക്കുന്നു
നിന്റ്റെ ശവസംസ്ക്കാരത്തെപറ്റി
ഇടയ്ക്ക് ഓർമ്മിച്ചെടുക്കുന്നു
പണ്ട് വായിച്ച കഥയിലെ വരികൽ
പതിഞ്ഞ ഒച്ചയിൽഅവതാരിക
പകർത്തിവയ്ക്കുന്നു
കഥയിലെ ജീവിതം
മാധവിക്കുട്ടി
കമലാദാസ്
കമലസുരയ്യ
നീ പകർന്നാടിയ വേഷങ്ങളൊക്കയും
.ഒരു ക്ലിക്കിലൂടെസ്റ്റാർസ് സ്പോർസിലെത്തുവാനുള്ള
തിടുക്കം
മുക്കിയും മൂളിയും
പറയാതെ പറയുന്നുണ്ട്
പെങ്ങളുടെ കുട്ടികൽ
അപ്പോഴേയ്ക്കും
മൊബൈലൊന്നു വിറച്ചു
“ പ്രണയത്തിനൊരുടലുണ്ടായിരുന്നു
നമുക്കിതുവരെ
ഇനി മുതലത് ഇല്ലാതാകുന്നു
പ്രീയപ്പെട്ട കഥാകാരി പിരിഞ്ഞു പോകുന്നു”
പഴയ കാമുകി
മടിയിലെ കുഞ്ഞിന് മുലചുരത്തുമ്പോൽ
പ്രണയവും ചുരന്നു പോയിട്ടുണ്ടാകാം
ഒടുവിൽ
ഏഷ്യാനെറ്റിനെ
സ്റ്റാർസ്പോർട്ട്സിന് വിട്ടുകൊടുത്ത്
മുറിയടച്ച് കട്ടിലിൽമലർന്നു കിടന്നു
ഒരു ചരമകവിത എഴുതിയാലോ
ഒരു കഥയെഴുത്തുകാരിയുടെ
മരണം കൊണ്ട്
എനിക്ക് മാത്രംനഷ്ട്ടം വരാൻ പാടില്ലല്ലോ
ചാടിയെണീറ്റ് ബ്ലോഗിലെത്തുമ്പോൽ
മരിക്കൻ കാത്തിരുന്നതു പോലെ
ഡോണെന്നൊരുദ്രോഹി
ആദ്യമെഴുതിഎന്നെ പിന്നിലാക്കിയിരിക്കുന്നു
0 views Links to this post

Kamala Das - (An Unnecessary) Tribute
by Don Suseelan
How much personas can a human being possibly have?

May 30, 2009


മാഞ്ഞുപോകാത്ത പ്രണയകാലത്തിന്
by ഹരീഷ് കീഴാറൂർ
അവസാനപള്ളിമണിയും മുഴങ്ങുമ്പോൽ
നിനക്കായ് കരുതിയ ഒരുപിടി മണ്ണാൽ
നമ്മൽവേർപിരിയും
അപ്പൊഴും
നമുക്കിടയിൽഒരു ചോദ്യം അവശേഷിക്കും
നീ എനിക്കാരായിരുന്നു
0 views Links to this post
May

May 22, 2009

നന്ദി

നന്ദി
കൂട്ടുകാരാ
കൊല്ലുമ്പോഴും
കുശലം പറഞ്ഞല്ലോ
സുഖമന്വേഷിച്ചല്ലോ