July 14, 2009

ചെമ്പരത്തി

വീടിന്
മതിലുകെട്ടാത്തവർ
നാലതിരിലും
ചെമ്പരത്തിക്കമ്പ്
കുത്തിവയ്ക്കും
വെള്ളവുംവളവുമില്ലെങ്കിലും
വീട്ടുകാരനോട്
കൂറുള്ള പട്ടിയെപോലെ
അത് വേരുകളാഴ്ത്തി
കാവല് നില്ക്കും
അതിരുമുറിച്ച് കടക്കരുതെന്ന്
ചുവന്ന സിമ്പലുകളാൽ
ഓറ്മ്മിപ്പിക്കും
റോസയും മുല്ലയും
കാശിതുമ്പയുമെല്ലാം
ചെടിച്ചട്ടികളുടെ
മടിത്തട്ടുകളിലിരുന്ന്
ചിരിക്കും
ഒരുപെണ്ത്തലയിലും
സ്ഥാനമില്ലാതെ
ഒരു പ്രണയസങ്കൽ‌പ്പത്തിലും
ഇടമില്ലാതെ
പൂവായ് മണക്കാതെ
മച്ചിയായിപോയതെന്ന്.
ചിലപ്പോള്
വഴിത്തെറ്റി
ആരെങ്കിലും വന്ന്
പറിച്ച് കാതിൽ വയ്ക്കും
പ്രാന്തൻ പ്രാന്തനെന്ന്
കണ്ടവരൊക്കെ ആറ്ത്തുചിരിക്കും
അപ്പോഴാണ്
സങ്കടം വരുന്നത്
കാതില്നിന്നൂറ്ന്ന് വന്ന്
ആ കവിളില് അമറ്ത്തിയമറ്ത്തി
ഉമ്മവയ്ക്കാൻ കൊതിതോന്നുന്നത്

July 11, 2009

പുഴ

ഒരിടത്തും
ഉറയ്ക്കുന്നില്ല
ഒരു പിടച്ചിലായ്
ഒഴുകിക്കൊണ്ടേയിരിക്കും
ഒടുക്കം
സങ്കടപ്പെരുങ്കടലിൽ

July 7, 2009

വിവരണാതീതം

ചിലപ്പോഴൊക്കെ
അവളങ്ങനെയാണ്
മഴ നനഞ്ഞ്
പൊള്ളിയെന്നും
വെയിലുകൊണ്ട്
തണുത്തെന്നും പറയും
മഴയുടെ സ്ഥാനത്ത്
വെയിലും
വെയിലിന്ടെ
സ്ഥാനത്ത്
മഴയും വന്നാൽ
വാക്യം ശരിയാകുമെന്ന്
ഞാനപ്പോൾ
തിരുത്തും
ഏതു സ്ഥാനം മാറിയാലാണ്
ജീവിതം ശരിയാവുകയെന്നവള്
ചോദിക്കും
ഉത്തരമില്ലാതെ
ഉടലിലൂടെ ഞാനരിച്ചിറങ്ങും
നിങ്ങളൊരുറുമ്പാണെന്ന്
അവള് ചിരിക്കും
പാമ്പാണെന്ന്
അവള് കുതറും
കുതിരയാണെന്ന്
അവള് കിതയ്ക്കും
ഒടുവില്
ഒരൊറ്റക്കരച്ചിലിൽ
അവള്
പറയും
നിങ്ങൽക്കൊരു തുള്ളി
വിഷമായിക്കൂടെ....?
ഞാനാദ്യമേ പറഞ്ഞില്ലേ
ചിലപ്പോഴൊക്കെ
അവളങ്ങനെയാണ്