November 4, 2009

യാത്രാകാലം

വീടുവിട്ടിറങ്ങുമ്പോൾ മഴയായിരുന്നു. നട്ടുവളർത്തിയ മരങ്ങളേയും സ്നേഹിച്ച ചെടികളേയും ഇരുട്ടിലുപേക്ഷിച്ച് ഒറ്റയ്ക്ക്.... യാത്രപറയാതെ പോരുമ്പോൾ നോവാനോ സന്തോഷിക്കാനോ ആരുമില്ല. ഒരു പൂച്ചക്കുട്ടിയെ വളർത്തിയതാണല്ലോ,ഹേയ്.. അല്ല അത് വന്നുകയറി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മടുത്ത ഏതോ ഒരു നിമിഷം അതിറങ്ങിപ്പോയിട്ടുണ്ടാകും.അല്ല, പൂച്ച സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഏതു കവിതയാകും വായിച്ചിട്ടുണ്ടാകുക. വീണ്ടും തെറ്റുന്നു. പൂച്ചതന്നയൊരു സ്വാതന്ത്ര്യമല്ലേ,ഒരു തുടലിലും കുരുങ്ങി ആർക്കു വേണ്ടിയും കുരയ്ക്കാത്ത സ്വാതന്ത്ര്യം.
മഴക്കൊമ്പ്കുലുക്കി ആടിയാടി അലയുന്ന മരങ്ങളേ നിങ്ങൾ അൻവറിന്റെ കവിതയായ് പൂത്തതെന്നാണ് …... മുറിഞ്ഞ വഴികളെപറ്റി പാടാൻ വയ്യ. എന്റെ ചോരപൊടിഞ്ഞു കിടപ്പുണ്ട് അതിന്റെ വക്കുകളിൽ. അതുമതി.. അതുമാത്രം മതി.
റോഡിലെ ചെളിവെള്ളം രണ്ടായ് പകുത്തുകൊണ്ട് ഒരുചെറുപ്പക്കാരൻ.. സ്പീഡോമീറ്റർ നൂറുകടന്നിട്ടും വേഗത പോരന്ന് തോന്നാ‍ൻ അവന്റെ മനസിലെന്താണുള്ളത്. ഓരോ നിമിഷവും സാവധാനം ജീവിച്ച് തീർക്കാനുള്ളതാണെന്ന് ആരാണവനോട് പറയുന്നത്. ഒരു വളവിനപ്പുറം നിന്ന്
ദൈവം അവന്റെ അമ്മയോട് സംസാരിക്കുന്നു. പറക്കമുറ്റാത്ത അവന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു.
ഭൂമിയെ ഉമ്മവയ്ക്കൻ കൊതിച്ചിറങ്ങിവരുന്ന മിന്നലുകൾ...ഞങ്ങളേയും ഉമ്മവച്ചു
കൊല്ലൂയെന്ന് കെഞ്ചുന്ന മരത്തലപ്പുകൾ..... അതിനു ചുവട്ടിൽ നിൽക്കുന്ന കൂലിപ്പണിക്കാരിക്ക് ഉമ്മ വേണ്ട.. ചോർന്നൊലിക്കുന്ന ഒരു കൂരയവളെ നോക്കിയിരിപ്പുണ്ട്... നോക്കിയിരിപ്പുണ്ട് മിന്നൽപോലെ അവൾ വളർത്താൻ കൊതിച്ച പൈതങ്ങൾ
വീട്ടിനു ചുറ്റും അതിരുകളാണ്. മണ്ണളന്നപ്പോൾ... ഒരുചവിട്ടടി മണ്ണിനുവേണ്ടി ചോരയൊഴുക്കിയവർ. വളരുന്ന അതിരുകൾ പട്ടാളക്കാരെന്റെ കാവലോളം വളരുന്ന അതിരുകൾ...
മൂന്നാമത്ത പെഗ്ഗിനുശേഷം ഒരു കഥ ചോദിച്ച കൂട്ടുകാരൻ.... കൊലപാതകം ആത്മഹത്യയാക്കുന്ന കഥയിലഞ്ഞു കൈകൊട്ടുന്നു. സാരിക്കുരുക്കിൽ സങ്കടങ്ങൾ കൊണ്ടുപോയ അമ്മയെപറ്റിയല്ല...ഇപ്പൊഴും ജീവിച്ചിരിക്കുന്ന അച്ഛനുവേണ്ടി ഈ നാലാമത്തെ പെഗ്ഗ്.
മഴ തോരുന്നു. ഭൂമിയോട് ഉറക്കത്തിൽ നിന്നെണീക്കൂന്ന് പറയാൻ വെളിച്ചം വരുന്നു... അതിനു മുൻപ് ജീവിതമെന്ന് പേരിട്ട കഥയുടെ അവസാന വരി...
വായനക്കാരാ.... നിങ്ങളെഴുതുമോ.......?

8 comments:

ഹരീഷ് കീഴാറൂർ said...

സാരിക്കുരുക്കിൽ സങ്കടങ്ങൾ കൊണ്ടുപോയ അമ്മയെപറ്റിയല്ല...ഇപ്പൊഴും ജീവിച്ചിരിക്കുന്ന അച്ഛനുവേണ്ടി ഈ നാലാമത്തെ പെഗ്ഗ്.

താരകൻ said...

kathayo kavithayo watever it is ..good

കുഞ്ഞായി | kunjai said...

ഒരു പൂച്ചക്കുട്ടിയെ വളർത്തിയതാണല്ലോ,ഹേയ്.. അല്ല അത് വന്നുകയറി വളരുകയായിരുന്നു. അതുകൊണ്ട് തന്നെ മടുത്ത ഏതോ ഒരു നിമിഷം അതിറങ്ങിപ്പോയിട്ടുണ്ടാകും.അല്ല, പൂച്ച സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഏതു കവിതയാകും വായിച്ചിട്ടുണ്ടാകുക. വീണ്ടും തെറ്റുന്നു. പൂച്ചതന്നയൊരു സ്വാതന്ത്ര്യമല്ലേ,ഒരു തുടലിലും കുരുങ്ങി ആർക്കു വേണ്ടിയും കുരയ്ക്കാത്ത സ്വാതന്ത്ര്യം...നല്ല ഭാവന

കഥ ഇഷ്ടപ്പെട്ടു

ശ്രീജ എന്‍ എസ് said...

എല്ലാ അര്‍ത്ഥത്തിലും ജീവിതം ഒരു കഥ തന്നെയാണ്..ലക്‌ഷ്യം അറിയാതെ കറങ്ങി ചുറ്റുന്ന കഥ പത്രമാണ്‌ നമ്മള്‍ ഓരോരുത്തരും...പൂച്ചയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വരികള്‍ ഏറെ ഇഷ്ടമായി...ഈയിടെ എവിടെയോ വായിച്ചു എല്ലാ വികാരങ്ങളും സ്വാതന്ത്ര്യത്തിന്റെ വക ഭേദം ആണെന്ന്..സത്യമാവാം..ക്ലിഷെകള്‍ ഇല്ലാത്ത സുന്ദരമായ തുറന്ന എഴുത്ത്..

ഷൈജു കോട്ടാത്തല said...

നന്നായിട്ടുണ്ട്
രണ്ടു കവിതകളിലെ സൌഹൃതത്തിനു
പ്രത്യേക അഭിനന്ദനം

ഹരീഷ് കീഴാറൂർ said...

നന്ദി
കൂടെ കൂടിയവർക്ക്
കൂടെ കൊണ്ട്പോകുന്നവർക്ക്.

wayanadan said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

പാവത്താൻ said...

മനസ്സില്‍ തൊട്ടു പൊള്ളിക്കുന്ന വാക്കുകള്‍.ഇനിയുമെഴുതൂ. കാത്തിരിക്കുന്നവരുണ്ടിവിടെ.