April 16, 2010

ഉപ്പുകാറ്റ്


ചതുരാകൃതിയിലായ ഈർക്കിൽ വിടവിലൂടെ അരിച്ചിറങ്ങിയ വെളിച്ചത്തിന്റെ നിഴലുകൾ വേഷം മാറിയ പോലീസുകാരെപ്പോലെ അവിടവിടെ പറ്റിനിന്നു. പച്ച ചുവരുകളുടെ മൂലകളെ ബന്ധിപ്പിച്ച് കൊണ്ട് ചിലന്തികെട്ടി ഉപേക്ഷിച്ച കുരുക്കുകൾ ചെറുകാറ്റിലനങ്ങി. ഇളകിപ്പോയ ചാണകക്കട്ടകൾക്കിടയിലൂടെ ചുവന്ന മണ്ണ് പുറത്തേയ്ക്ക് തള്ളിയ തറ വെള്ളടി ബാധിച്ച കറുത്തവരുടെ ചിത്രം പോലെ പടർന്നുകിടന്നു.

തൊള്ളായിരത്തി നാല്പതുകളിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ചരിത്രം പശ്ചാത്തലമാക്കി എഴുതുന്ന നോവലിന്റെ ആരംഭം ഇങ്ങനെ മതിയെന്ന് ഒരുപാടാലോചനയ്ക്കു ശേഷം ദർശൻ തീരുമാനിച്ചു.

ഇരുട്ടിന്റെ മറപറ്റി വരുന്ന സഖാക്കളുടെ ഒച്ചയില്ലാത്ത കാൽപ്പെരുമാറ്റം.ഉപ്പൂറ്റിയിൽ മുള്ളും കുപ്പിച്ചില്ലും തറഞ്ഞുണങ്ങിയ ചോരക്കറ.വിമോചനത്തിന്റെ നക്ഷത്രങ്ങളെ കാവൽനിർത്തി അവർ നയിച്ച സമരങ്ങൾ. ദർശൻ പലപ്പോഴായി ഡയറിയിൽ കുറിച്ചിട്ടിരുന്ന നോട്ട്സുകൾ, മുതിർന്ന പാർട്ടി പ്രവർത്തകരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പത്രവാർത്തകൾ അഭിമുഖങ്ങൾ. ഒരർത്ഥത്തിൽ ഇതൊരു ഗവേഷണമാണ്.ആനന്ദിന്റെ എഴുത്തുപോലെ ഒരു പ്രബന്ധത്തിന്റെ ഗൌരവമുണ്ടിതിനുമെന്ന് ശീതളിനോട് അയാൾ പറഞ്ഞു. രണ്ടു മാസത്തെ അവധിയെടുക്കാൻ തീരുമാനിച്ചപ്പോൾ ശീതൾ എതിർത്തു. അവധിയെടുത്തിരുന്നെഴുതാൻ കഴിയില്ലെന്ന് ഏതോ സാഹിത്യകാരൻ പറഞ്ഞിട്ടുണ്ടത്രെ. ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ എഴുത്തു രീതികളെ വിശകലനം ചെയ്യാനൊരുങ്ങുമ്പോഴേയ്ക്കും അസ് യു ലൈക്കെന്ന് എല്ലാതവണയും പോലെ അനുകൂലമായൊരു വിധി പ്രസ്താവിച്ച് ശീതൾ രക്ഷപ്പെട്ടു. ഒറ്റയ്ക്ക് ഒരു അഡ്വർടൈസ്മെന്റ് ഏജൻസി നടത്തിക്കൊണ്ടുപോകാൻ കഴിയുമെന്ന് ശീതൾ തെളിയിച്ചിട്ടുണ്ട്.സീറോ വാട്ട്ബൾബ്ബിൽ നിന്നൊഴുകിയിറങ്ങുന്ന നിലാവെളിച്ചത്തിൽ ശീതളിന്റെ ചെവിമടക്കിൽ ദർശൻ അമർത്തിക്കടിച്ചു.ഗ്രാമത്തിന്റെ ചങ്കുതുരന്ന് ചോദിക്കണം. ഇനിയും മണ്ണിട്ട് മൂടാത്ത വയൽവരമ്പിലും പുഴയോരത്തുമിരുന്നെഴുതണം. അവിശ്വസനീയമാം വിധം ശീതൾ ദർശനെ കേൾക്കുകയായിരുന്നു.

വയറിനു കുറുകെ ശീതളിന്റെ കൈമുറുകിയതറിയാതെ ദർശനലഞ്ഞു. കമ്മ്യൂണിസ്റ്റ്കാരെ ഒറ്റുകൊടുത്ത പാരമ്പര്യത്തെപ്പറ്റി, പോലീസുകാരെപ്പോലെ മീശചുരുട്ടി നരിക്കണ്ണുകളിൽ പകയൊളിപ്പിച്ച് ഇപ്പൊഴും അമ്മവീടിന്റെ ഉമ്മറത്തിരിക്കുന്ന അപ്പൂപ്പന്റെ ചിത്രത്തെപ്പറ്റി. എന്തൊരു ക്രൌര്യമെന്ന് ആ കണ്ണുകളിലൂടെ വിരലോടിക്കവെ ശീതൾ പറഞ്ഞത് ദർശനോർമ്മവന്നു. എഴുതുമ്പോൾ അപ്പൂപ്പനെപ്പറ്റിയും എഴുതണം. സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകനായ ഗോപാലൻ നായർ. വയലുഴുതുമറിച്ച പോത്തുകൾക്ക് പിന്നാലെ രണ്ട് കാലിൽ നടക്കുന്ന പോത്തുകളെപ്പോലെ പണിക്കാർ. അപ്പൂപ്പന്റെ മുന്നിൽ നെഞ്ചിൽ ഗുണനചിഹ്നം പോലെ പിണച്ച കൈകളുമായി നിന്നിരുന്നു. കറുത്ത ഉടലുകളിലൂടെ ഊറിയിറങ്ങുന്ന ചെളിവെള്ളം വറ്റിച്ച ക്രൌര്യനോട്ടത്തിൽ ഉരുകിയ ചെറുമികൾ. അപ്പൂപ്പന്റെ മരണശേഷം കേട്ട കഥകൾ. കമ്മ്യൂണിസ്റ്റായ പവിത്രനെ വല്ലാതെ ഉലച്ചിരുന്നു.

നെൽസണും പെണ്ണ് എൽസിയും രഹസ്യ യോഗത്തിന് പോയിട്ട് വരുന്നത് നിലാവെളിച്ചത്തോടൊപ്പം മാടന്റെ പനയ്ക്കുപിന്നിൽ മറഞ്ഞിരുന്ന് ആരോ കണ്ടു. കമ്മ്യൂണിസ്റ്റുകാരുടെ യോഗമെന്ന് കണ്ടുപിടിച്ചത് കാര്യസ്ഥൻ നാണുവാണ്. അപ്പൂ‍പ്പനൊന്നമർത്തി മൂളി. പിറ്റേന്ന് വേട്ടനായ്ക്കളെപ്പോലെ പോലീസുകാർ കൂര വളഞ്ഞു. പൊലയാടിമോളേന്ന് അലറിയ പോലീസുകാരന്റെ ശബ്ദത്തിനൊപ്പം എൽസി മുറ്റത്തേയ്ക്ക് തെറിച്ചുവീണു. ചുണ്ട് പൊട്ടിയ ചോര തുടയ്ക്കാനാഞ്ഞ അവളുടെ കൈ മറ്റൊരു പോലീസുകാരൻ വളച്ചൊടിച്ചു. നിലവിളിക്കാനാഞ്ഞ മുഖം മണ്ണിൽ താഴ്ത്തി ബൂട്ട്സ് ഞെരിഞ്ഞമർന്നു. തൊണ്ടയിൽ നുരച്ചുവന്ന കരച്ചിലടക്കി ആണുങ്ങളും പെണ്ണുങ്ങളും ദൂരെ ദൂരെ മാറി നിന്നു.കുഞ്ഞുങ്ങളുടെ കണ്ണുകൾ അമ്മമാർ പൊത്തിപ്പിടിച്ചിരുന്നു.കഴ്വർടമോളേ നിന്റെ മറ്റെവനെവിടേടിയെന്ന് ചോദിച്ച് പോലീസുകാർ എൽസിയെ ചവിട്ടിയുരുട്ടി. ബോധം മറയുന്നതുവരെ എൽസി മുറുക്കിപ്പിടിച്ചിരുന്ന മുണ്ടഴിഞ്ഞു. അടിപ്പാവടയ്ക്കൊപ്പം അതു വലിച്ചു പറിച്ചെടുത്തൊരു പോലീസുകാരൻ. എത്ര അമർത്തിപ്പിടിച്ചിട്ടും എവിടെനിന്നൊക്കയോ നിലവിളികളുയർന്നു. വെറ്റില മുറുക്കലിന്റെ സുഖമാസ്വദിച്ച് അപ്പൂപ്പനും കാര്യസ്ഥനും അവിടേയ്ക്ക് വന്നു. അവർക്ക് കേൾക്കാൻ മാത്രം എന്തോ പറഞ്ഞ് ഇൻസ്പെക്ടർ തിരിച്ചു നടന്നു. ചുവന്ന മണ്ണ് അന്തരീക്ഷത്തിലേയ്ക്ക് ഇളക്കിവിട്ട് ജീപ്പ് കടന്നുപോയി. എൽസിയുടെ മുറ്റത്തേയ്ക്ക് അപ്പൂപ്പൻ നീട്ടിത്തുപ്പി. പെടപ്പുണ്ടെന്ന് നാണു വിളിച്ച് പറഞ്ഞു. കൂടപ്പിറപ്പുകൾ എൽസിയെ വാരിയെടുത്തു. എല്ലൊടിഞ്ഞു വീർത്ത വലതുകൈ താഴോട്ട് തൂങ്ങിയാടി.

പതിറ്റാണ്ടുകൾക്ക് ശേഷം ദർശനോട് ഈ സംഭവം വിവരിച്ചത് കോരനായിരുന്നു. അന്ന് പന്ത്രണ്ടോ പതിമൂന്നോ വയസ്സുപ്രായമുണ്ടായിരുന്ന കോരൻ ഇന്ന് കർഷകതൊഴിലാളി യൂണിയൻ പ്രവർത്തകനാണ്. ‘നെന്റെ അപ്പൂപ്പനാണ് ഇതിന്റ പിന്നിലെന്ന് നമക്ക് അറിയാര്ന്ന്. ഞങ്ങളന്ന് കമ്മ്യൂണിസ്റ്റുകാരായിട്ട് ഇല്ലായിരുന്നു. എങ്കിൽ രണ്ട് പോലീസുകാരെങ്കിലും അവിടെ വീണേനെ‘ അരിവാളിന്റെ വായ്ത്തല പോകും വരെ മണ്ണിലും മരത്തിലും ചെറുപ്പക്കാർ ആഞ്ഞുവെട്ടി. കോരന്റെ കണ്ണിൽ കനൽ ഊതിയൂതി തിളങ്ങുന്നു.

കഥകൾ തീരുന്നില്ല.പോലീസിനെ പേടിച്ച് നെൽസൺ നാടുവിട്ടു.കാതിലെ തേനീച്ച മുരൾച്ചയുമായി എൽസി തുണിയുടുക്കാതെ ഇടവഴിയിലൂടെ ഓടി പ്രാന്തി എൽസിയായ് രൂപാന്തരം പ്രാ‍പിച്ചു. ഉണങ്ങാത്ത മുറിവുകളിൽ നിന്ന് ഊറിയിറങ്ങിയ ചോര ഘനീഭവിച്ച ചെങ്കൊടികളെ സ്വപ്നത്തിൽ പുതച്ച് ഗ്രാമം ഉറങ്ങാതിരുന്നു. പേടിയില്ലാതെ ഒരു നാൾ ഉറങ്ങുന്നതിനു വേണ്ടി.

ഒരു ദീർഘനിശ്വാസത്തോടെ ദർശൻ തിരിഞ്ഞു കിടന്നു. ശീതൾ ഉറങ്ങിയിരിക്കുന്നു. ശീതളിനറിയില്ല നരിയുടെ കണ്ണുകളുള്ള ഗോപാലൻ നായരുടെ ബീഭത്സമായ ജീവിതത്തെ. ഗോപാലൻ നായർ സ്മാരക അവാർഡും സാംസ്ക്കാരികനിലയവും ആ ഭൂതകാലത്തെ തേയ്ച്ച്മിനുക്കിയെടുക്കാൻ മക്കൾ കണ്ട വഴിയായിരുന്നു. ഒന്നുമറിയാത്തവർ സ്വാതന്ത്ര്യ സമരഭടൻ എന്നുവരെ കാടുകയറി. ഒരുനാൾ വിവസ്ത്രയായ് പുഴയിലൂടെ ഒഴുകിപോയ എൽസിയുടെ ആത്മാവടക്കം കാക്കകൾ തെങ്ങിൻതലപ്പുകളിലിരുന്ന് കാ‍ർക്കിച്ച് തുപ്പി.

കണ്ണുതുറക്കുമ്പോൾ ജന്നൽ ചില്ലുകളെ മുറിച്ച്കടക്കാൻ പാകത്തിന് വെയിൽ വളർന്നിരുന്നു. ശീതൾ പോയിട്ടുണ്ടാകുമോ.ഇന്നു മുതൽ അവധി തുടങ്ങുകയാണ്. ഫ്ലാറ്റിന്റെ രണ്ട് താക്കോലുകളിലൊന്ന് അവൾ കൂടെ കൊണ്ടുപോയിരിക്കുന്നു. ഈശോയും ഞാനും പിന്നെ ഛായ എന്ന ഞങ്ങളുടെ അഡ്വർടൈസ് ഏജൻസിയുമായിരുന്നു അവളുടെ ലോകം.പത്തരയാകുന്നതിനിടയ്ക്ക് ശീതൾ രണ്ട് വട്ടം വിളിച്ചു. ഭക്ഷണം എടുത്തു കഴിച്ചോ, എവിടേയ്ക്കെങ്കിലും പോകുന്നെങ്കിൽ വിളിച്ചു പറയണം. ഫ്ലാറ്റിന്റെ താക്കോൽ കളയല്ലേ പിന്നൊരുകാര്യം ഇന്നത്തെ പത്രത്തിലൊരു കയ്യാങ്കളിയുടെ വിശേഷമുണ്ട്. പഴയകാല പാർട്ടി സഖാക്കളെപ്പറ്റി പറഞ്ഞതിന് സാഹിത്യകാരൻ സക്കറിയയുടെ നേർക്ക്. വാർത്ത മുഴുമിപ്പിക്കാതെ ശീതൾ ഫോൺ കട്ട് ചെയ്തു. ഒരു വാചകം മനസിൽ കൊണ്ടു. ‘പഴയകാല സഖാക്കൾ’. സഖാക്കൾ പഴയതാകുമോ.. വാചകം ശീതളിന്റെയോ അതോ പത്രത്തിന്റെയൊ. ഉൾപേജിൽ കഥാകൃത്തടക്കമുള്ള സചിത്ര വാർത്ത. വരികൾക്കിടയിലൂടെ താല്പര്യരഹിതനായ് ദർശൻ കണ്ണോടിച്ചു. ചില വാക്കുകൾ വാചകങ്ങൾ എവിടയോ കൊളുത്തി വലിക്കുന്നു. ഒളിവും മറയുമില്ലാതെ എൽസി ഉടുമുണ്ടഴിഞ്ഞ് വെറും മണ്ണിൽ പിടയ്ക്കുന്നു. അവളുടെ ചോരയെക്കാൾ ചുവന്ന വെറ്റതുപ്പൽ പത്രത്തിൽ പടരുന്നു. ദർശനെ വിയർത്തു. നിലവിളി അമർത്തിപ്പിടിക്കുന്നതിന്റെ വേദന അയാളറിഞ്ഞു. ‘ഞങ്ങളന്ന് കമ്മ്യൂണിസ്റ്റുകാരായിട്ട് ഇല്ലായിരുന്നു. എങ്കിൽ രണ്ട് പോലീസുകാരെങ്കിലും അവിടെ വീണേനെ‘ന്ന് കോരൻ ആവർത്തിക്കുന്നു. നിസ്സഹായത ദർശന്റെ ഞരമ്പുകളെ കൊരുത്തു വലിച്ചു. പേനയുടെ നിബ്ബ് കുത്തിയൊടിഞ്ഞിട്ടും അയാൾ പത്രത്തിൽ തലങ്ങും വിലങ്ങും വല്ലാത്തൊരാവേശത്തോടെ വരച്ചുകൊണ്ടിരുന്നു.









8 comments:

മാണിക്യം said...

...ഉപ്പുകാറ്റ് . വായിച്ചില്ലങ്കില്‍ നഷ്ടം ... നല്ല അവതരണം ..കുറ ഞ്ഞവാക്കുകള്‍ കൊണ്ട് ശക്തമായ ഭാഷയില്‍ വായനക്കാരുടെ മനസ്സിലാകും പോലെ എഴുതി ഫലിപ്പിച്ചു .... നരിയുടെ കണ്ണുകളുള്ള ഗോപാലൻ നായരെ പറ്റി വായിക്കുമ്പോള്‍ അറിയാതെ മുഷ്ടി ചുരുട്ടുന്നത് എഴുത്തിന്റെ തീവ്രത കൊണ്ട് മാത്രം ..."ഉണങ്ങാത്ത മുറിവുകളിൽ നിന്ന് ഊറിയിറങ്ങിയ ചോര ഘനീഭവിച്ച ചെങ്കൊടികളെ സ്വപ്നത്തിൽ പുതച്ച് ഗ്രാമം ഉറങ്ങാതിരുന്നു...."

ഹരിയണ്ണന്‍@Hariyannan said...

നല്ല എഴുത്ത്, പിന്തുടരാന്‍ തോന്നിപ്പിക്കുന്നുണ്ട്.

ഒരു സംശയം.

"ഈര്‍ക്കില്‍ വിടവിലൂടെ അരിച്ചിറങ്ങിയ "

അത് ഓലക്കീറിലെ വിടവല്ലേ? ഈര്‍ക്കില്‍ വിടവെന്നുപറയാമോ?

ഹരീഷ് കീഴാറൂർ said...

പ്രീയപ്പെട്ട മാണിക്യം,ഹരിയണ്ണാ
സൂക്ഷ്മമായ വായനയെ, സ്നേഹനിരൂപനത്തെ നെഞ്ചേറ്റുന്നു.ഈർക്കിൽ വിടവെന്ന് ഉദ്ദേശിച്ചത് അകത്തെ ഓല നഷ്ടപ്പെട്ട് ചതുരാകൃതിയിലായ ഈർക്കിലുകളുടെ വിടവാണ്.

പട്ടേപ്പാടം റാംജി said...

ഒരുനാൾ വിവസ്ത്രയായ് പുഴയിലൂടെ ഒഴുകിപോയ എൽസിയുടെ ആത്മാവടക്കം കാക്കകൾ തെങ്ങിൻതലപ്പുകളിലിരുന്ന് കാ‍ർക്കിച്ച് തുപ്പി.

ഹരീഷ്, എനിക്ക് വളരെ ഇഷ്ടായി.
ദര്‍ശന്റെയും ശീതളിന്റെയും ചിന്തകളിലൂടെ
ഒരു കഥ മനോഹരമാക്കി പറയുമ്പോള്‍ തന്നെ
സമകാലീന ജീവിതത്തില്‍ സംഭവിക്കുന്ന പഴയ കാല സത്യങ്ങളെ വികൃതമാക്കപ്പെടുന്ന ചില കാഴ്ചകളെ കൂടി ഉള്‍പ്പെടുത്തിയത് ഭംഗിയായി.
പുതിയ കൊരന്മാരുടെ വരവിനായ്‌ കണ്ണുനട്ട്...
നല്ല രചന.
ഭാവുകങ്ങള്‍.

ഹരീഷ് കീഴാറൂർ said...

നന്ദി പ്രീയപ്പെട്ട കഥാകാരാ,കണ്ടതിനും വായിച്ചതിനും പറഞ്ഞതിനും.

എന്‍.ബി.സുരേഷ് said...

ഒരു കൊളാഷ് പോലെ തോന്നി. ക്രാഫ്റ്റ് നന്നായി. ഭാഷയില്‍ ഈ ബൌദ്ധികത അത്ര വേണ്ട.
ഇനിയും ഒന്നേ ഇതിനാവശയമുള്ളൂ, ഒരു കഥ.

ശ്ശൊ, നാശം ഇതിനൊരു കഥ വേണമല്ലൊ, അതാണെന്നെ കുഴക്കുന്നത് എന്നു ഇ.എം.ഫോസ്റ്റര്‍ പണ്ടു പറഞ്ഞ പോലെ നമുക്കും രക്ഷപെടാം അല്ലെ ഹരീഷ്.
കഥയെഴുത്തില്‍ നല്ല ഭാവി കാണുന്നു.

പിന്നെ ഒരു സംശയം മലയാളം ടൈപ്പ് ചെയ്യാന്‍ ഏത് സോഫ്റ്റ്വെയര്‍ ആണ് ഉപയോഗിക്കുന്നത്.
കീഴാറൂരില്‍ എല്ലാവര്‍ക്കും സുഖമല്ലേ?

പാവത്താൻ said...

മനോഹരമായ അവതരണം.ഉണങ്ങാത്ത മുറിവുകളില്‍ നീറ്റല്‍ പടര്‍ത്തുന്ന ഉപ്പു കാറ്റ്.
നല്ല ക്രാഫ്റ്റ്.
വരാന്‍ വൈകിയെങ്കിലും ആശംസകള്‍. എന്തേ ഇവിടെ സന്ദര്‍ശകര്‍ ഇത്ര കുറവ്? അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്തിട്ടില്ലേ?

ramadas said...

Hello,

My Name is Ramadas, Working with D C Books as Sr.Assistant editor.
D C Books going to publish a collection of poems from different blogs.

We would like include your below mentioned poems in this collection.

1.Kalavarsham

I request you to give the permission.


Regards
R.Ramadas
DC Books
GS Street
Kottayam
9946109628