July 14, 2009

ചെമ്പരത്തി

വീടിന്
മതിലുകെട്ടാത്തവർ
നാലതിരിലും
ചെമ്പരത്തിക്കമ്പ്
കുത്തിവയ്ക്കും
വെള്ളവുംവളവുമില്ലെങ്കിലും
വീട്ടുകാരനോട്
കൂറുള്ള പട്ടിയെപോലെ
അത് വേരുകളാഴ്ത്തി
കാവല് നില്ക്കും
അതിരുമുറിച്ച് കടക്കരുതെന്ന്
ചുവന്ന സിമ്പലുകളാൽ
ഓറ്മ്മിപ്പിക്കും
റോസയും മുല്ലയും
കാശിതുമ്പയുമെല്ലാം
ചെടിച്ചട്ടികളുടെ
മടിത്തട്ടുകളിലിരുന്ന്
ചിരിക്കും
ഒരുപെണ്ത്തലയിലും
സ്ഥാനമില്ലാതെ
ഒരു പ്രണയസങ്കൽ‌പ്പത്തിലും
ഇടമില്ലാതെ
പൂവായ് മണക്കാതെ
മച്ചിയായിപോയതെന്ന്.
ചിലപ്പോള്
വഴിത്തെറ്റി
ആരെങ്കിലും വന്ന്
പറിച്ച് കാതിൽ വയ്ക്കും
പ്രാന്തൻ പ്രാന്തനെന്ന്
കണ്ടവരൊക്കെ ആറ്ത്തുചിരിക്കും
അപ്പോഴാണ്
സങ്കടം വരുന്നത്
കാതില്നിന്നൂറ്ന്ന് വന്ന്
ആ കവിളില് അമറ്ത്തിയമറ്ത്തി
ഉമ്മവയ്ക്കാൻ കൊതിതോന്നുന്നത്

4 comments:

Sanal Kumar Sasidharan said...

nice one.

മനോജ് കുറൂര്‍ said...

ഹരീഷ്, വ്യക്തതയുണ്ട്. വികാരമുണ്ട്. സൌന്ദര്യമുണ്ട്. എഴുതൂ വീണ്ടും വീണ്ടും :)

ഹരീഷ് കീഴാറൂർ said...

നന്ദി. മാഷ്പറയുമ്പോൾ അതൊരംഗീകാരമാണ്.ഇനിയുമെഴുതാനുള്ള ആവേശവും,കരുതലുമാണ്.

khader patteppadam said...

ചെമ്പരത്തിയുടെ ചുവന്ന തുടുപ്പിനും അന്യതാബോധവും ദു:ഖവുമുണ്ടെന്ന കവിമനസ്സിന്‍റെ ചൊല്ലിന് അര്‍ത്ഥസമ്പുഷ്ടിയുണ്ട്.ആ ചെമപ്പിന്‍റെ സൌഭഗവും മൂലക ഗുണങ്ങളും രാജാങ്കണത്തില്‍ വിരാജിക്കുന്ന മറ്റു പല പൂവുകള്‍ക്കും ഇല്ലെന്നും നാം കാണാതെ പോകരുത്