September 27, 2009

രണ്ടു കവിതകൾ

കടം
അച്ഛൻവാങ്ങിയ
കയറിൽ
ഒരുമുഴം
മിച്ചമുണ്ടായിരുന്നതുകൊണ്ട്
ഒടുവിൽ
കയറിന്റേയും
കടക്കാരൻ
വീട്ടിൽ വന്നപ്പോൾ
അമ്മയ്ക്ക്
കടം വാങ്ങേണ്ടി
വന്നില്ല.
സൌഹ്യദത്തിന്
ഒരു മരംവേണ്ട
വിഷംതീണ്ടാതെ
ഒരിലമതി

September 19, 2009

ഉറുമ്പ്

പിന്നിലെങ്കിലും
വരിതെറ്റിച്ചിട്ടില്ല
ഒരുതരിമധുരത്തിനും
ഒറ്റയ്ക്ക്കൊതിച്ചിട്ടില്ല
കയ്പ്പിച്ച വഴികളിൽ
കലഹിച്ചകന്നിട്ടില്ല
മോഹിച്ചിട്ടേയുള്ളൂ
കൂട്ടംതെറ്റാതൊന്ന്
ജീവിക്കാൻ
കൂട്ടംതെറ്റിയൊന്നൊടുങ്ങാൻ

September 17, 2009

ബി പോസിറ്റീവ്

സാമൂഹിക പ്രവർത്തകനോട്
ചോദിച്ചു
ബി പോസിറ്റീവാണോ?
അല്ല
എ പോസിറ്റീവാ
കൂട്ടുകാരനോട്
ചോദിച്ചു
ബി പോസിറ്റീവല്ലേ ?
മറുപടി നെഗറ്റീവായിരുന്നു
കവിയോട് ചോദിച്ചു
രക്തമൂറ്റികവിതയെഴുതിയെന്ന്
ഒറ്റവരിക്കവിത തന്നു
കണ്ടവരോടും
കേട്ടവരോടും ചോദിച്ചു
ആരുമാരും
ബി പോസിറ്റീവല്ലത്രേ
എന്നിട്ടും
ക്ലിനിക്കൽ ലബോറട്ടറിയിലെ
രേഖയിൽ
മരുന്നുകടക്കാരന്റെ
ഓർമ്മയിൽ
കവിക്ക് രക്തംകൊടുത്ത്
കവിതയെ രക്ഷിക്കണമെന്ന
വാർത്തയിൽ
കൂട്ടുകാരന്റെ ഞരമ്പുനിറയ്ക്കാൻ
പാഞ്ഞരാത്രിയിൽ
അവരെല്ലാം
ബി പോസിറ്റീവായിരുന്നു
എത്രപെട്ടന്നാണ്
രക്തംപോലും
ഗ്രൂ‍പ്പ് മാ‍റുന്നത്

September 11, 2009

പ്രണയമേ....


തീരെ ചെറിയവരായിരുന്നിട്ടും
നമുക്കിടയിൽ
രണ്ട് ആകാശവും
രണ്ട് ഭൂമിയുമുണ്ടായിരുന്നു
ഒരിക്കൽപോലും
നിന്റെ കരനനയ്ക്കാനെന്റെ
കടലുവന്നിരുന്നില്ല
എന്റെ മഴപ്പാട്ടുകൾക്ക്
നിന്റെ മണ്ണ്
കാതുകൂർപ്പിച്ചിരുന്നുമില്ല
അതിരളവുകളുടെ
സ്വപ്നരാത്രികളിൽ
ജ്വലിക്കാൻ
നമുടെ ആകാശം
ഒരു നക്ഷത്രംപോലും
സൂക്ഷിച്ചിരുന്നില്ല
എന്നിട്ടുമെന്തിന്
മണമില്ലാത്ത പൂക്കളും
മധുരനാരങ്ങത്തോട് പോലെ
അകം നഷ്ട്ടപ്പെട്ട ഹ്യദയവും
തുളച്ചിറങ്ങുന്ന
മൌനവുംകൊണ്ട്
നമ്മളൊപ്പുവയ്ക്കുന്നു
‘ എന്നെ നീയും
നിന്നെ ഞാനും അറിഞ്ഞിരുന്നെന്ന’
ആ വലിയ കള്ളത്തിലേറി
ജീവിതം പിന്നെയും
ശിഷ്ട്ടജന്മം തുഴഞ്ഞൊടുക്കുന്നു.

September 9, 2009

സ്വാതന്ത്ര്യം ആരുടെ സങ്കൽ‌പ്പമാണ്

മഴത്തുള്ളികൾ
മണ്ണിൽ വീണുപൊടിച്ച്
ചുവന്ന ചാലായി
ഓടിപോകുന്നത്
മരം
ചില്ലകൾക്ക്
കാണിച്ചു കൊടുത്തു
നെഞ്ചിനു നേർക്ക്
വരുന്ന ഒരു മഴുവിനു
മുൻപ്
നമുക്കും
ഓടിപോകാമെന്ന്
ചില്ല മരത്തിനോട് കെഞ്ചി
അതു കേൾക്കേ
മണ്ണിനടിയിൽ
നിന്നു വേരുകളുടെ
ചങ്ങലച്ചിരി
മരത്തിലിടിച്ചു ചിതറി
മരത്തിന്റെ
നിസ്സഹായത
വിശ്വസിക്കാതെ
മേൽമണ്ണിനപ്പുറം
കാഴ്ച്ചയില്ലാത്ത
ചില്ലകൾ
ഇലകൾ പൊഴിച്ച്
പ്രതിഷേധിച്ചുകൊണ്ടിരുന്നു
.

September 6, 2009

വെളിച്ചവിൽ‌പ്പനയ്ക്കു വേണ്ടി ഒരു പരസ്യകവിത

വെളിച്ചം
ഒരു കുപ്പിയിലാക്കി
വിൽക്കാൻ വച്ചിരിക്കുന്നു.
വീടിന്റെ മുക്കും മൂലയും
അരിച്ചിറങ്ങുന്ന
വെളിച്ചമെന്ന്
കുപ്പിപ്പുറത്ത്
പരസ്യപ്പെടുത്തിയിട്ടുണ്ട്
ഇരുട്ടിന്റെ മറപിടിക്കുന്ന
ജാരനേയും
ഇരുട്ടിലൊളിക്കുന്ന
കള്ളനെയും
ഈ വെളിച്ചം
പിടിച്ച് മുന്നിലിട്ടുതരും
അവിശ്വാസിയായ
മകന്റെ കണ്ണിലും
നീലക്കടമ്പുപൂത്ത
മകളുടെയുള്ളിലും
കിടപ്പറയിൽ മടുത്ത
പെണ്ണുടലിലും
വെളിച്ചം തറയ്ക്കും
വെയിൽക്കാറ്റുപോലെ
പറ്റിച്ചേർന്ന്
അവരെ അവരല്ലാതാക്കും
അതിൽ‌പ്പരമൊരാനന്ദമെന്തുണ്ട്
വെളിച്ചം ദു:ഖമാണെന്ന്
പറഞ്ഞവന്റെ പിന്തുടർച്ചക്കാർ
വെളിച്ചംകുടിച്ചലറും
വെളിച്ചത്തിലിരുന്നാഘോഷിക്കും
കൂടപ്പിറപ്പിനേയും
കൂട്ടുകാരനേയും
ഇരുട്ടിലല്ല, വെളിച്ചത്തിലൊറ്റണം
ആ സുഖത്തിലാറാടണം
ആറാടി
അഞ്ചാടി
നാലാടി
മൂന്നാടി
രണ്ടാടി
ഒന്നാടി
ഒന്നുമില്ലാതാടണം
അപ്പോൾ
‘ഹാ വെളിച്ചത്തിനെന്തൊരു വെളിച്ചം’
ഈ പരസ്യപ്പാട്ടുകാരന്റെ
കവിതയ്ക്കെന്തൊരുതെളിച്ചം.