October 15, 2009

മീൻകുരുക്ക്

പിരിയാൻനേരംവാടിയ-
മുല്ലപൂവിൻചിരിയാൽ മുടി-
ചുറ്റിക്കെട്ടിവച്ചവൾചൊല്ലി
അരുത് ഈവഴിക്കിനിവന്നേ-
യ്ക്കരുത് ഇനിമേല്നമ്മൾ-
രണ്ടപരിചിതർമാത്രം
ഉള്ളുടക്കിയോ രാവിൽക്കണ്ട-
നക്ഷത്രങ്ങളെണ്ണുവാനിയെത്ര
രാവുകൾ ശേഷിക്കുന്നു
കോർക്കുവാനാകാത്തതയേ-
തുപൂവുണ്ടെന്നോർത്തുഞാൻ തലയാട്ടി-
മനയ്ക്കൽതിരിച്ചെത്തി
ജാതിതെറ്റിക്കെട്ടാനാവുമോ-
പാരമ്പര്യജാതകംതിരുത്തു-
വതെന്തൊരുമഹാപാപം
വലിച്ചാൽപൊട്ടുന്നൊരു -
താലിയെന്തിനുപെണ്ണേ-
കരാർക്കുരുക്കിൽ കുറുകുന്നത-
വൌട്ടോഫാഷൻ പൊന്നേ
കണ്ണടച്ചുറങ്ങാത്ത മീനുകൾ
കിനാവലക്കണ്ണിയിൽ
കുരുങ്ങുന്നതോർത്തു ഞാനിരിക്കവേ
നാവിലൂറുന്നുണ്ട് നീതന്നമീനിൻരുചി
പാകംനിൻകണ്ണീരുപ്പ്,യെനിക്കുകൌതുകമെരി1
പട്ടുവാങ്ങണംപുത്തൻപെണ്ണിന്
തിരക്കുക്കുള്ളപട്ടണം കുടുംബക്കാർ
വാടകക്കാറിൽച്ചുറ്റേ
നിന്നെഞാനോർമിച്ചല്ലോ ആദ്യമായ്-
നിക്കായിവാങ്ങിയ കരുതലെൻ
ബുദ്ധിയെന്നറിഞ്ഞല്ലോ
ഇനി വേളിക്കുരണ്ടുനാൾ -കറക്കം
മതിയാക്കെന്നച്ഛന്റെയുപദേശം
അപ്പൊഴും കാതോർത്തുഞാൻ നിൻസ്വരം
മതിൽതുളച്ചെത്തുന്നനാദബ്രഹ്മം
ഇന്നാണ് വേളി-വീട്ടക്കംപൊട്ടി-
ച്ചിരിയിൽമുഴങ്ങുമ്പോൾ
മനയ്ക്കപ്പുറമവർണ്ണർക്കഴുക്കു-
കളയാൻ വെട്ടിയകുളത്തിൽ നീ
പരിശുദ്ധയായ്, കൺതുറന്നുറങ്ങുന്ന
മീനായ്ത്തുടിച്ചെന്നോ....?
കറയായ്തീർന്നോരഴുക്കിൽ
കാൽവഴുതി കതിർമണ്ഡപമേറുന്നു ഞാൻ.
(മനോജ്കുറൂരിന്റെ മത്സ്യമെന്ന കവിതയോട് കടപ്പാട്)
1. എരിവ്


7 comments:

ഹരീഷ് കീഴാറൂർ said...

കുറൂരിന്റെ മത്സ്യം വായിച്ചനുഭവിച്ച കൊതിയാണീ കവിത,അതുമാത്രം..അതുമാത്രമാണീ‍ക്കവിത

സന്തോഷ്‌ പല്ലശ്ശന said...

നല്ല കവിത വളരെ സാധാരണമായ ശൈലിയില്‍......

ഭൂതത്താന്‍ said...

"മനയ്ക്കപ്പുറമവർണ്ണർക്കഴുക്കു-
കളയാൻ വെട്ടിയകുളത്തിൽ നീ
പരിശുദ്ധയായ്, കൺതുറന്നുറങ്ങുന്ന
മീനായ്ത്തുടിച്ചെന്നോ....?
കറയായ്തീർന്നോരഴുക്കിൽ
കാൽവഴുതി കതിർമണ്ഡപമേറുന്നു ഞാൻ.'"

സ്വപ്നമാം പൂങ്കുല പാറമേല്‍ അടിച്ച് ചിതറിച്ച്.... നല്ല കവിത

മനോജ് കുറൂര്‍ said...

ഹരീഷ്, ഇതിനു കടപ്പാടെന്തിന്? ഇതൊരു സ്വതന്ത്രകവിതയാണല്ലൊ :)
നല്ല വരികള്‍ ധാരാളം-
‘പിരിയാന്‍നേരംവാടിയ-
മുല്ലപൂവിന്‍ചിരിയാല്‍ മുടി-
ചുറ്റിക്കെട്ടിവച്ചവള്‍..’

‘ഉള്ളുടക്കിയോ രാവില്‍ക്കണ്ട-
നക്ഷത്രങ്ങളെണ്ണുവാനിയെത്ര
രാവുകള്‍ ശേഷിക്കുന്നു’

‘കണ്ണടച്ചുറങ്ങാത്ത മീനുകള്‍
കിനാവലക്കണ്ണിയില്‍
കുരുങ്ങുന്നതോര്‍ത്തു ഞാനിരിക്കവേ
നാവിലൂറുന്നുണ്ട് നീതന്നമീനിന്‍രുചി
പാകംനിന്‍കണ്ണീരുപ്പ്,യെനിക്കുകൌതുകമെരി’

പ്രണയത്തിന്റെ ഊര്‍ജ്ജവും ആധിയും ചേര്‍ന്ന അനുഭവമുള്ള വരികള്‍ :)

ഹരീഷ് കീഴാറൂർ said...

നന്ദി
സന്തോഷ് പല്ലശ്ശന
ഭൂതത്താൻ
കൂറൂർമഷേ
കണ്ടതിനും,വായിച്ചതിനും.

Sanal Kumar Sasidharan said...

ഹരീ
അക്ഷരത്തെറ്റുകളും മുറുക്കമുള്ള വരികൾക്കിടയിൽ വലിഞ്ഞ നൂലുകൾപോലെ ചില ഭാഗങ്ങളും കവിതയെ ഉറപ്പില്ലാത്തതാക്കുന്നു.
അക്ഷരത്തെറ്റുകൾ നല്ലകവിതകളിൽ അക്ഷന്തവ്യമായ തെറ്റുതന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നു ഇത്. ഇടയ്ക്കുള്ള ആ ഉറപ്പില്ലാത്ത വരികളെ ചീന്തിയെറിയരുതോ :)

ഹരീഷ് കീഴാറൂർ said...

സനലേട്ടാ,
തീർച്ചയായും അക്ഷരത്തെറ്റൊഴിവാക്കാൻ ശ്രമിക്കാം, പിന്നെ മുറുക്കമില്ലാത്ത വരികൾ വെട്ടിക്കളഞ്ഞേയ്ക്കൂ. ഒരു വരിയിലെങ്കിലും കവിതയുണ്ടെങ്കിൽ മുറിവുകളിൽ നിന്നൊരുവസന്തമുണ്ടാകും.