October 12, 2009

എനിക്ക് മരിക്കാൻപേടിയാണ്

എനിക്ക് മരിക്കാൻപേടിയാണ്
ജീവിതത്തെ ഞാനൊരിക്കലും
സ്നേഹിക്കാതിരുന്നിട്ടുകൂടി
എനിക്കു മരിക്കാൻപേടിയാണ്
അച്ഛനെന്നെ ശപിച്ചിട്ടേയുള്ളൂ
പെങ്ങൾ വെറുത്തിട്ടേയുള്ളൂ
കാമുകി കുരുക്കിൽനിന്നെന്ന
കുരുക്കിലേയ്ക്ക് കുരുക്കിയിട്ടേയുള്ളൂ
അമ്മ അമ്മ അമ്മ അമ്മ
നിങ്ങളുടെ അമ്മയെപ്പോലെ
അമ്മയുണ്ടായ നാൾമുതൽക്കുള്ള അമ്മയെപ്പോലെ
മകനുവേണ്ടി കരഞ്ഞു കരഞ്ഞു പ്രാർത്ഥിച്ചിട്ടേയുള്ളൂ
പിരിഞ്ഞ കൂട്ടുകാരിപ്പോളെവിടയാകാം
പോകുമ്പോൾ ഒരുചിരി തരാതെപോയവർ
എല്ലാവരും എല്ലാവരും എന്നോട്
നിശബ്ദമായ് മരിക്കാൻ പറയുന്നു
എനിക്കവരെ എന്തിഷ്ട്ടമാണെന്നോ
അവരുടെ വാക്കുകളെനിക്ക് എന്തുമതിപ്പാണെന്നോ
എന്നിട്ടും എനിക്ക് മരിക്കാൻപേടിയാണ്
ഞാൻ മരിച്ചാൽ എന്റെഅച്ഛൻ
പിന്നെആരെ ശപിക്കുമെന്ന്
അച്ഛൻ തല്ലിപൊട്ടിച്ച തുടയിലെ തഴമ്പുനോക്കി
ഞാനാശ്വസിക്കും
എന്റെ പെങ്ങൾ
എന്റെ കാമുകി
എന്റെ എന്റെ എന്റെ അമ്മ
എന്റെ കൂട്ടുകാർ
ഞാൻ മരിച്ചാൽ
അവരാരെ വെറുക്കും
ആരെ കുരുക്കും
ആർക്കുവേണ്ടി പ്രാർത്ഥിക്കും
ആരെപിരിയും
അതുകൊണ്ട് അവർക്കുവേണ്ടി ഞാൻ ജീവിക്കുന്നെന്ന്
പ്രഖ്യാപിക്കുന്നു
എനിക്കു മരിക്കാൻപേടിയാണെന്നത്
മറച്ചുവയ്ക്കുന്നു.

5 comments:

താരകൻ said...

കാമുകി വെറുത്താലും നിങ്ങളെ നോക്കി കണ്ണുചിമ്മാൻ ഒരു താരകമെങ്കിലും മാനത്തുശേഷിക്കുന്നുണ്ടെങ്കിൽ
അഛന്റെ തല്ലേറ്റു തിണർത്ത തുടയിൽ തലോടാ‍ൻ
ഒരു തെന്നിലിവിടെയൊക്കെ ചുറ്റിപറ്റി നടക്കുന്നുണ്ടെങ്കിൽ...എന്തിന്.. എന്തിന് മരണത്തെ പേടിക്കാതിരിക്കണം.!!!!

ഹരീഷ് കീഴാറൂർ said...

നന്ദി
തൊടാൻപറ്റാത്ത താരകത്തേയും
കാണാ‍ൻപറ്റാത്ത തെന്നലിനേയും
പോലെ അകന്നും ഒളിച്ചും
ഒരു ജീവിതം കൊണ്ടുനടക്കാമെന്ന്
പറഞ്ഞതിന്.

ഭൂതത്താന്‍ said...

"അതുകൊണ്ട് അവർക്കുവേണ്ടി ഞാൻ ജീവിക്കുന്നെന്ന്
പ്രഖ്യാപിക്കുന്നു"

ആ പ്രഖ്യാപനം നന്നേ ബോധിച്ചു ...ട്ടോ ...പിന്നെ ഞങ്ങളൊക്കെ ഇവിടില്ലേ ഇഷ്ടാ ....ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെലും ....ഉപദ്രവിക്കാന്‍

വയനാടന്‍ said...

ഒന്നുറപ്പ്‌. ചുറ്റുമിവരെല്ലാമുള്ളപ്പോൾ ജീവിക്കാൻ നിങ്ങൾ പേടിക്കണ്ട

:)

ഹരീഷ് കീഴാറൂർ said...

നന്ദി
ഭൂതത്താനും വയനാടനും
ഉപദ്രവവുമൊരു സാന്നിദ്ധ്യമാണ്, ജീവിക്കാനല്ല മരിക്കാനാണ് പേടി.