September 6, 2009

വെളിച്ചവിൽ‌പ്പനയ്ക്കു വേണ്ടി ഒരു പരസ്യകവിത

വെളിച്ചം
ഒരു കുപ്പിയിലാക്കി
വിൽക്കാൻ വച്ചിരിക്കുന്നു.
വീടിന്റെ മുക്കും മൂലയും
അരിച്ചിറങ്ങുന്ന
വെളിച്ചമെന്ന്
കുപ്പിപ്പുറത്ത്
പരസ്യപ്പെടുത്തിയിട്ടുണ്ട്
ഇരുട്ടിന്റെ മറപിടിക്കുന്ന
ജാരനേയും
ഇരുട്ടിലൊളിക്കുന്ന
കള്ളനെയും
ഈ വെളിച്ചം
പിടിച്ച് മുന്നിലിട്ടുതരും
അവിശ്വാസിയായ
മകന്റെ കണ്ണിലും
നീലക്കടമ്പുപൂത്ത
മകളുടെയുള്ളിലും
കിടപ്പറയിൽ മടുത്ത
പെണ്ണുടലിലും
വെളിച്ചം തറയ്ക്കും
വെയിൽക്കാറ്റുപോലെ
പറ്റിച്ചേർന്ന്
അവരെ അവരല്ലാതാക്കും
അതിൽ‌പ്പരമൊരാനന്ദമെന്തുണ്ട്
വെളിച്ചം ദു:ഖമാണെന്ന്
പറഞ്ഞവന്റെ പിന്തുടർച്ചക്കാർ
വെളിച്ചംകുടിച്ചലറും
വെളിച്ചത്തിലിരുന്നാഘോഷിക്കും
കൂടപ്പിറപ്പിനേയും
കൂട്ടുകാരനേയും
ഇരുട്ടിലല്ല, വെളിച്ചത്തിലൊറ്റണം
ആ സുഖത്തിലാറാടണം
ആറാടി
അഞ്ചാടി
നാലാടി
മൂന്നാടി
രണ്ടാടി
ഒന്നാടി
ഒന്നുമില്ലാതാടണം
അപ്പോൾ
‘ഹാ വെളിച്ചത്തിനെന്തൊരു വെളിച്ചം’
ഈ പരസ്യപ്പാട്ടുകാരന്റെ
കവിതയ്ക്കെന്തൊരുതെളിച്ചം.

4 comments:

Anil cheleri kumaran said...

nannaayittunt.

Rare Rose said...

ഈ വെളിച്ചവില്‍പ്പന കൊള്ളാം..

ഹരീഷ് കീഴാറൂർ said...

നന്ദി കുമാരൻ,നന്ദി റോസാ.

Sanal Kumar Sasidharan said...

കുപ്പിയിലെ വെളിച്ചത്തിൽ ഇത്തിരി വെള്ളം കൂടുതലുണ്ടെന്ന് ഒരു ചെറിയതോന്നൽ..
ആറാടി
അഞ്ചാടി
നാലാടി
മൂന്നാടി
രണ്ടാടി
ഒന്നാടി
ഒന്നുമില്ലാതാടണം
അപ്പോൾ
‘ഹാ വെളിച്ചത്തിനെന്തൊരു വെളിച്ചം’
ഇത്രയും നല്ല ഡ്രൈ ;)